സസ്പെൻഷൻ നടപടിയെ ഭയക്കുന്നില്ലെന്ന് മഹാരാജാസ് കോളേജ് വൈസ് ചെയർപേഴ്സൺ മിസിരിയ
.
സസ്പെൻഷൻ നടപടിയെ ഭയക്കുന്നില്ലെന്ന് മഹാരാജാസ് കോളേജ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും. വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് മന്ത്രിയോട് ചോദ്യം ചോദിച്ചതെന്ന് വൈസ് പേഴ്സൺ മിസിരിയ. അതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്നും ഒട്ടും പശ്ചാത്താപം ഇല്ലെന്നും അവർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അണികളാണ് തനിക്ക് എതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്നും മിസിരിയ.

താൻ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യാം. വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ല. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. സൈബർ ആക്രമണത്തിന് മന്ത്രിമാരുടെ മൗനാനുവാദം ഉണ്ടെന്ന് കരുതുന്നതായും മിസിരിയ പറഞ്ഞു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന പ്രതിനിധിയാണ് തങ്ങൾക്കെതിരായ അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്ന് ചെയർപേഴ്സൺ പ്രനീൽ രാജ് പ്രതികരിച്ചു.

അന്വേഷണ റിപ്പോർട്ട് എന്താകുമെന്ന് ഊഹിക്കാവുന്നതാണ്. റിപ്പോർട്ട് എന്തായാലും ഭയപ്പെടില്ല. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും പ്രനീൽ രാജ്.




