KOYILANDY DIARY

The Perfect News Portal

ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കി

ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി: ഞായർ വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ വീണ്ടും തീപിടിത്തമുണ്ടായത്. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്‌. അഗ്നി രക്ഷാസേനയുടെയും ബി.പി.സി.എൽ ൻ്റെയും 12 യൂണിറ്റുകളും 3 മണിക്കൂറിലേറെ പരിശ്രമിച്ച്‌ രാത്രിയോടെ തീ നിയന്ത്രണ വിധേയമാക്കി.

മാലിന്യത്തിൽ നിന്നുള്ള മീഥെയ്‌ൻ വാതകമാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ അഗ്നി രക്ഷാസേന അറിയിച്ചു. നേരത്തേയുണ്ടായ തീപിടിത്തത്തെത്തുടർന്ന്‌ അഗ്നി രക്ഷാസേനയുടെ രണ്ട്‌ യൂണിറ്റുകൾ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ജോലി തുടങ്ങി. ഏലൂർ, പട്ടിമറ്റം, ഗാന്ധിനഗർ, മുളന്തുരുത്തി, തൃക്കാക്കര, തൃപ്പൂണിത്തുറ സ്‌റ്റേഷനുകളിൽ നിന്നായിട്ടാണ് അഗ്നി രക്ഷാസേനയുടെ 12 യൂണിറ്റ്‌ സ്ഥലത്തെത്തിയത്.

മാലിന്യം ഇളക്കിമറിക്കാനായി മണ്ണുമാന്തി യന്ത്രങ്ങൾ സജ്ജീകരിച്ചിരുന്നു. സന്ധ്യയോടെ അഗ്നിബാധ പൂർണമായും നിയന്ത്രണവിധേയമായി. രാത്രി എട്ടോടെ പുകയും ശമിച്ചു. മേയർ എം. അനിൽകുമാർ, പി. വി. ശ്രീനിജിൻ എം.എൽ.എ, കലക്ടർ എൻ. എസ്‌. കെ. ഉമേഷ്‌, സബ്‌ കലക്ടർ പി. വിഷ്‌ണുരാജ്‌ എന്നിവർ സ്ഥലത്തെത്തി. ഫയർ ഓഫീസർ കെ.എൻ സതീശ്‌, റീജ്യണൽ ഫയർ ഓഫീസർ ജെ.എസ്‌. സുജിത്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്‌.

Advertisements