ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി
.
ഉള്ളിയേരി: അദ്ധ്യാപകനും, സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരി ശ്രീലങ്കൻ സൈക്കിൾ പര്യടനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. ‘സീറോ കാർബൺ സീറോ കലാമിറ്റി’ എന്ന സന്ദേശവുമായി മാർച്ച് 20ന് ആണ് യാത്ര തുടങ്ങിയത്. ശ്രീലങ്കയുടെ വടക്കേ അറ്റമായ സക്കോട്ടെ മുനമ്പിൻ നിന്ന് തുടങ്ങിയ യാത്ര തെക്കേ അറ്റമായ ദോൻന്ത്രയിൽ അവസാനിച്ചു.
.

.
ജാഫ്ന, മാന്നാർ തലൈമാനർ , ചെട്ടികുളം , മാതല അനുരാധപുര ദംബുള്ള, സിഗ്രിയ, കാൻഡി, ഗബോള, നുവലേറിയ, വെളമട, എല്ല, ബദുല്ല. ഭണ്ടാരവില്ല, കൊളംബോ, പാണദുര, ഗോൾ, കേഗൽ, കലുതറ, ഹൊമഗോമ, നെടുംതീവ്, മാതറ, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഭക്ഷണവും രാത്രിയുറക്കവും ശ്രീലങ്കൻ സൈക്കിൾ സുഹൃത്തുക്കളുടെ വീട്ടിലും ബുദ്ധ ആശ്രമങ്ങളിലും ആയിരുന്നു. രാജ്യത്തെ ഇടതുപക്ഷ പാർട്ടിയും, ഭരണകക്ഷിയുമായ ജെ.വി.പി (ജനത വിമുക്തി പെരമുന) കേന്ദ്ര കമ്മിറ്റി ഓഫീസ് സന്ദർശിച്ചപ്പോൾ പ്രവർത്തകർ സ്വീകരണം നൽകി.
.

.
ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും കേരളവും ശ്രീലങ്കയും തമ്മിൽ ഒട്ടേറെ സാമ്യതകൾ ഉണ്ടെന്ന് അഭിലാഷ് സ്വീകരണ പരിപാടിയിൽ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സൈക്കിൾ സഞ്ചാരി അഭിജിത്തും ഇദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്തിരുന്നു. അടുത്ത സൈക്കിൾ പര്യടനം. വിയറ്റ്നാം, കംബോഡിയ, ലാവോസ് എന്നിവടങ്ങളിലേക്കാണ്.
.
അമ്പത് വർഷം പൂർത്തിയാക്കിയ കലാ സാംസ്‌കാരിക സംഘടന ചെന്താര പുത്തഞ്ചേരിയുടെ നേതൃത്വത്തിൽ കൂമുള്ളി വായനശാലയ്‌ക്ക് സമീപം യാത്ര കഴിഞ്ഞെത്തിയ അഭിലാഷിന് സ്വീകരണം നൽകി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻമാസ്റ്റർ അഭിലാഷിനെ ഹാരം അണിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വത്സൻ എടക്കാത്തിൽ അധ്യക്ഷത വഹിച്ചു.
.

.
അത്തോളി പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ആർ ബാബു കൂമുള്ളി, രാജൻ കേളോത്ത്, പി. ജനാർദ്ധനൻമാസ്റ്റർ, അഭിലാഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പുത്തഞ്ചേരി സ്വാഗതവും ഹിമ നന്താത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കൂമുള്ളിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പുത്തഞ്ചേരിയിൽ അഭിലാഷിന്റെ വീട്ടുമുറ്റത്ത് അവസാനിച്ചു.



