ഓട്ടൻതുള്ളലിൽ സ്ത്രീശബ്ദത്തിന്റെ തീപാറുന്ന പുതുവായനം
.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ “ഗുൽമോഹർ 2026” വേദിയിൽ അരങ്ങേറിയ ഓട്ടൻതുള്ളൽ, ഒരു കലാപ്രകടനം മാത്രമായിരുന്നില്ല.. കാലത്തിന്റെ മുറിവുകൾ ചിരിയുടെയും ചിന്തയുടെയും താളത്തിൽ തുറന്നുകാട്ടിയ ഹൃദയഭാഷ്യമായിരുന്നു. പൊതുവേ പുരുഷാധിപത്യ അവതരണങ്ങളാൽ പരിചിതമായ ഓട്ടൻതുള്ളൽ വേദിയിൽ, സ്ത്രീസാന്നിധ്യം ഇങ്ങനെ ശക്തമായ ശബ്ദമായി ഉയർന്നത് തന്നെ ഒരു പുതുമയാർന്ന അനുഭവമായി.
.

.
ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ ലഹരിയുടെ മറവിൽ രാത്രി പകലെന്നില്ലാതെ സംഘടിച്ചെത്തുന്ന അതിക്രമങ്ങളുടെ നടുക്കുന്ന നേർക്കാഴ്ച, കാവ്യാത്മകമായ ആവിഷ്‌കാരമായി പ്രേക്ഷകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തി. നിസ്സഹായതയുടെ നെടുവീർപ്പുകൾ മാത്രം അല്ല, “സമൂഹമേ… ഞങ്ങൾക്കൊപ്പം നിൽക്കണം” എന്ന മൗനവിളിയും ഈ അവതരണത്തിനുള്ളിലൂടെ മുഴങ്ങിയിരുന്നു. അവതാരകയായ ഷിജിന നാഗരാജ്, ഭാവാഭിനയത്തിന്റെ തീക്ഷ്ണതകൊണ്ടും ശബ്ദത്തിന്റെ കരുത്തുകൊണ്ടും പ്രേക്ഷക മനസ്സുകളിൽ ദീർഘനേരം മായാത്ത പതിപ്പായി മാറി.

.
പി. സാജിത താമരശ്ശേരി, കാലിക യാഥാർത്ഥ്യങ്ങളെ കവിതയുടെ ചാരുതയിൽ ചാലിച്ചെഴുതിയ വരികൾക്ക്, പാലക്കാട് പ്രേംരാജും ശിവഗംഗ നാഗരാജും ചേർന്ന് ഈണത്തിന്റെയും താളത്തിന്റെയും ജീവനൊരുക്കി. രശ്മി പി.എസ് കൊണ്ടംവള്ളിയുടെയും ഷൈമ ചീക്കിലോടിന്റെയും പിൻപാട്ട് അവതരണത്തിന് ആത്മാവായി മാറിയപ്പോൾ, വേദി ഒരുപക്ഷേ കലയും ജീവിതവും കൈകോർക്കുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായി.
.

.
ചിരിയുടെ ചുണ്ടിൽ തുടങ്ങി ചിന്തയുടെ നൊമ്പരത്തിൽ അവസാനിച്ച ആ ഓട്ടൻതുള്ളൽ, കല ഇപ്പോഴും സമൂഹത്തിന്റെ മനസ്സാക്ഷിയാകാമെന്ന് തെളിയിച്ച ശക്തമായ ഓർമ്മപ്പെടുത്തലായി മാറി.



