കോഴിക്കോട് കടപ്പുറത്ത് കടലിലിറങ്ങി യാത്രികരുടെ സാഹസികത
.
കോഴിക്കോട് കടപ്പുറത്ത് കടലിലിറങ്ങി യാത്രികരുടെ സാഹസികത. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരാണ് ജീവൻപോലും അപകടപ്പെടുത്തി തിരകളിലേക്കിറങ്ങുന്നത്. സുരക്ഷാ മുന്നറിയിപ്പുകളും അപകട സാധ്യതകളും അവഗണിച്ചാണ് യുവാക്കളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ കടലിന്റെ ഉൾഭാഗത്തേക്ക് നീങ്ങുന്നത്. മഴ കനത്തതോടെ ശക്തമായ തിരമാല ഉയരുന്നതിനാൽ അറിവില്ലായ്മയും അതിസാഹസികതയും പ്രകടിപ്പിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ചെറിയ കുട്ടികളേയും ഒപ്പം കൂട്ടിയാണ് പലരും കടലില്‍ കളിക്കാനിറങ്ങുന്നത്. മഴക്കാലത്ത് കടൽ കൂടുതൽ അപകടകരമാകുന്ന സാഹചര്യത്തിലും രക്ഷാകവചങ്ങളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പലരുടേയും ആഘോഷം. ഓരോ വർഷവും കടലിൽ മുങ്ങിമരിക്കുന്നവരുടെ വാർത്തകൾ ആവർത്തിക്കുമ്പോഴും പലരും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നഗരപരിധിയിലെ ആവിക്കല്‍, ഭട്ട്റോഡ്, കോതി, ബേപ്പൂര്‍ തുടങ്ങിയ ബീച്ചുകളിലും അപകടമരണങ്ങളുണ്ടായി.

ബീച്ചിലെ ഫുട്ബോള്‍ കളിക്കിടെ കടലിൽപോയ ഫുട്ബോള്‍ തിരിച്ചെടുക്കാന്‍ പോയി തിരയിൽപ്പെട്ട് മരണപ്പെട്ട കുട്ടികളുമുണ്ട്. നിസ്സഹായരായി ലൈഫ് ഗാർഡുകൾ അപകട സാഹചര്യങ്ങളിൽ കടൽത്തീരത്ത് കാവൽ നിൽക്കുന്ന ലൈഫ് ഗാർഡുകൾ പലപ്പോഴും നിസ്സഹായരാണ്. ടൂറിസം വകുപ്പ് നിയമിച്ച ആറ് പേർ നിലവിൽ ലൈഫ് ഗാർഡുകളായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഓപ്പൺ സ്റ്റേജ് മുതൽ വലിയങ്ങാടി റോഡ് തുടങ്ങുന്നയിടം വരെയേ ഇവർക്ക് ശ്രദ്ധിക്കാൻ കഴിയൂ. മുന്നറിയിപ്പ് നൽകിയാൽ ആളുകൾ ഗൈഡുകളുടെ ശ്രദ്ധയെത്താത്തിടത്തേക്ക് മാറും. കൂടുതൽ ആളുകളെത്തുന്ന ഗാന്ധി റോഡ്, കോതി എന്നിവിടങ്ങളിൽ ഗൈഡുകളെ നിയോഗിച്ചിട്ടുമില്ല.




