KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറയിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ചാത്തുക്കുട്ടിക്ക് നാടിൻ്റെ ആദരം

.
കൊയിലാണ്ടി: കൊല്ലം ചിറയിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ചാത്തുക്കുട്ടിക്ക് നാട്ടുകാരുടെ ആദരം. കൊയിലാണ്ടി കൊല്ലം ചിറയിൽ നാല് പെൺകുട്ടികൾ ഇറങ്ങുകയും, ഒരു കുട്ടി തെന്നി വീഴുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തെങ്ങ് കയറ്റ തൊഴിലാളിയായ ചാത്തുക്കുട്ടി, ചിറയിൽ നിന്ന് കുട്ടികളുടെ നിലവിളി കേട്ടതോടെ ഒരു നിമിഷം പോലും വൈകാതെ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പാലക്കുളം സ്വദേശിയാണ് ചാത്തുക്കുട്ടി. അപകട ഭീഷണി നിറഞ്ഞ ചിറയിൽ അതിസാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
നിരവധി അപകടങ്ങൾ ഇതിനുമുമ്പും നടന്നിട്ടുള്ള ഈ ചിറയുടെ അപകടാവസ്ഥയെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് പലരും അബദ്ധത്തിൽ വെള്ളത്തിലിറങ്ങി അപകടത്തിൽപ്പെടുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ചിറയുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതേസമയം, അപകടസമയത്ത് കാട്ടിയ അസാമാന്യ ധൈര്യത്തിനും മനുഷ്യത്വത്തിനും ചാത്തുക്കുട്ടിയെ ആദരിക്കുന്നതിനായി നാട്ടുകാർ വിപുലമായ സ്വീകരണ-ആദര സമിതികൾ രൂപീകരിച്ച് പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാതെ മനുഷ്യജീവന് വില നൽകി നടത്തിയ അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
Share news
error: Content is protected !!