കോട്ടൂരിൽ 9 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം
.
ബാലുശേരി: കോട്ടൂരിൽ 9 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 9 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കുട്ടി കക്കോടി ബ്രാഞ്ച് കനാലിലെ കോട്ടൂർ ഭാഗത്ത് നീന്തൽ പഠിക്കാൻ പോയിരുന്നു. അപ്പോഴായിരിക്കാം രോഗബാധയുണ്ടായതെന്നാണ് സംശയം. കഴിഞ്ഞദിവസം കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടൂർ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കനാൽ, കുളങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽനിന്ന് കുളിക്കുന്നതിനും മറ്റു സമ്പർക്കങ്ങൾ ഉണ്ടാകാതിരിക്കാനും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. കനാൽ ഭാഗത്ത് അപായ ബോർഡ് സ്ഥാപിച്ചു.




