KOYILANDY DIARY.COM

The Perfect News Portal

ആധാര്‍ കാര്‍ഡില്ല: ഗര്‍ഭിണി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

ഡല്‍ഹി> ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നും അതിനായി ആധാര്‍കാര്‍ഡ് വേണമെന്നും ഡോക്ടര്‍ പറയുകയായിരുന്നു. സംഭവത്തില്‍ ഡോക്ടറേയും ഒരു നഴ്സിനേയും സസ്പെന്‍ഡ് ചെയ്തു.

രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെവെച്ച്‌ പ്രസവിക്കുകയായിരുന്നു. കാര്‍ഡ് വീട്ടിലുണ്ടെന്നും പറഞ്ഞിട്ടും ഡോക്ടര്‍ അനുവദിച്ചില്ലെന്ന് മുന്നിയുടെ ഭര്‍ത്താവ് ബബ്ലു പറഞ്ഞു. സംഭവം വിവാദമായതോടെ മുന്നിയേും കുഞ്ഞിനേയും ആശുപത്രിയിലെ മാതൃശിശു പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!