KOYILANDY DIARY

The Perfect News Portal

ഭാവന വിവാഹിതയായി

തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച്‌ കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്.

മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്.

കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള അഞ്ച് വര്‍ഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്. ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിലാണ് മലയാളത്തിന്റെ പ്രിയ നായിക സുമംഗലിയായത്. ഭാവനയുമായി അടുത്ത സൗഹൃദ ബന്ധമുള്ള ചുരുക്കം സിനിമ താരങ്ങളും, കുടുംബാംഗങ്ങളും മാത്രമാണ് താലിചാര്‍ത്തലിന് എത്തിയത്.

Advertisements

സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന ഒരുക്കിയിട്ടുണ്ട്.

രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു.

ഒന്നര പതിറ്റാണ്ട് കാലമായി മലയാളികളുടെ പ്രിയ താരമായി നിറഞ്ഞു നില്‍ക്കുന്ന ഭാവന ദക്ഷിണേന്ത്യയിലെ തിരക്കുള്ള താരമായി തിളങ്ങുന്നതിനിടെയാണ് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്.

ഇനിയും സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടിക്കായി കാത്തിരിപ്പിലാണ് ഭാവനയുടെ ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *