KOYILANDY DIARY.COM

The Perfect News Portal

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചോളൂ: അറിയാം ആരോഗ്യ ഗുണങ്ങൾ

.

കപ്പലണ്ടി (നിലക്കടല) കഴിച്ചാൽ പലവിധത്തിലുള്ള അത്ഭുതങ്ങൾ സംഭവിക്കുമെന്ന ഒരു നിർണായക പഠനം പുറത്തുവന്നിരിക്കുകയാണ്. നെതർലൻഡ്‌സിലെ മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

 

കപ്പലണ്ടി കഴിക്കുന്നത് പ്രായമായവരിൽ തലച്ചോറിന്റെ ആരോ​ഗ്യവും ഓർമശക്തിയും വർദ്ധിപ്പിക്കുമെന്നാണ് പഠനം. ഉപ്പില്ലാതെ തൊലിയോടുകൂടി വറുത്ത നിലക്കടല പതിവായി കഴിക്കുന്നത് തലച്ചോറിലെ ഓർമയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഈ പഠനം ഫുഡ് ആൻഡ് ഫംങ്ഷൻ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60നും 75നും ഇടയിൽ പ്രായമുള്ള 31 പേരിലാണ് പഠനം നടത്തിയത്. ഇവർ 16 ആഴ്ചയോളം ദിവസവും 60 ഗ്രാം കപ്പലണ്ടി കഴിച്ചു.

 

പഠനത്തിന്റെ ഭാഗമായി ഈ 31 പേരിലും തലച്ചോറിലെ ഇൻസുലിൻ പ്രതികരണവും രക്തയോട്ടത്തിലെ മാറ്റങ്ങളും എംആർഐ പരിശോധനയിലൂടെ വിലയിരുത്തുന്നുണ്ടായിരുന്നു. ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസ്, പാരാഹിപ്പോകാമ്പൽ ഗൈറസ്, ലിംഗ്വൽ ഗൈറസ് തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണത്തിൽ അനുകൂലമായ മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തുകയായിരുന്നു. ഇതേ ഗവേഷകസംഘം 2025ൽ നടത്തിയ പഠനത്തിലും കപ്പലണ്ടിയുടെ ഗുണഫലങ്ങൾ കണ്ടെത്തിയിരുന്നു.

 

16 ആഴ്ച ദിവസവും നിലക്കടല കഴിച്ചവരിൽ തലച്ചോറിലേക്കുള്ള മൊത്തത്തിലുള്ള രക്തയോട്ടം 3.6 ശതമാനം വർധിച്ചതായും വാക്കുകളുമായി ബന്ധപ്പെട്ട ഓർമശേഷിയിൽ 5.8 ശതമാനം പുരോഗതിയുണ്ടായതായും പഠനം വ്യക്തമാക്കിയിരുന്നു. എന്നാൽ കപ്പലണ്ടി സ്ഥിരം കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗം തടയുമെന്നോ പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവ് ഒഴിവാക്കുമെന്നോ പഠനം തെളിയിച്ചിട്ടില്ല. ചെറിയൊരു വിഭാഗം ആളുകളിൽ നടത്തിയ പഠനമായതിനാൽ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

 

Share news