KOYILANDY DIARY.COM

The Perfect News Portal

ശബരിമല: 54 പ്രത്യേക ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ മധ്യ റെയിൽവെ

.

ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ 54 പ്രത്യേക ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ മധ്യ റെയിൽവെ. തീർത്ഥാടനകാലത്തെ അധിക തിരക്ക് പരിഗണിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി 12 പ്രത്യേക സർവീസ് ക്രമീകരണങ്ങളാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദ്, ചാർളപ്പള്ളി, നാന്ദേഡ് എന്നിവിടങ്ങളിൽനിന്നാണ് കൊല്ലത്തേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചത്.

 

ഇതിൽ ചാർളപ്പള്ളി–കൊല്ലം റൂട്ടിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ. ഡിസംബർ മാസത്തിലാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ജനുവരിയിലും സർവീസുകളുണ്ടാകും. ഹൈദരാബാദ്–കൊല്ലം റൂട്ടിൽ 07193, 07194 നമ്പറുകളിലുള്ള തീവണ്ടികൾ നാല് വീതം സർവീസുകൾ നടത്തും. ചാർളപ്പള്ളി–കൊല്ലം റൂട്ടിൽ 07180, 07195, 07197, 07199 നമ്പറുകളിലായി 22 സർവീസുകളും കൊല്ലത്തുനിന്ന് ചാർളപ്പള്ളിയിലേക്ക് 07181, 07196, 07198, 07200 നമ്പറുകളിലായി 22 സർവീസുകളുമുണ്ടാകും.

 

നാന്ദേഡ്–കൊല്ലം റൂട്ടിൽ 07189 നമ്പറിൽ ഒരു സർവീസും കൊല്ലം–ചാർളപ്പള്ളി റൂട്ടിൽ 07190 നമ്പറിൽ ഒരു സർവീസും ക്രമീകരിച്ചിട്ടുണ്ട്. ഹൈദരാബാദിൽനിന്നുള്ള തീവണ്ടി ശനിയാഴ്ച രാത്രി 11.10ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.15ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്നുള്ള മടക്ക തീവണ്ടി തിങ്കളാഴ്ച രാവിലെ 10.55ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30ന് ഹൈദരാബാദിലെത്തും.

 

ചാർളപ്പള്ളി–കൊല്ലം സർവീസുകൾ വിവിധ ദിവസങ്ങളിൽ രാത്രി പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊല്ലത്തെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ദക്ഷിണ മധ്യ റെയിൽവേ സർവീസുകളുടെ വിശദാംശങ്ങൾ അറിയിച്ചത്. ശബരിമല തീർത്ഥാടനകാലത്ത് ദീർഘദൂര യാത്രക്കാർക്ക് അധിക യാത്രാസൗകര്യം ലഭ്യമാക്കുന്നതാണ് പ്രത്യേക സർവീസുകൾ.

 

Share news