ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം എംഡിഎംഎ കേരളത്തിലെത്തിക്കാൻ ശ്രമം: രണ്ട് പേർ പിടിയിൽ
.
ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം എംഡിഎംഎ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ പിടിയിൽ. പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍, പള്ളിപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. 170 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫും ചേർന്നായിരുന്നു ഓപ്പറേഷൻ. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഘമെത്തുന്നത് അറിഞ്ഞ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് കാത്തുനിൽക്കുകയായിരുന്നു. 170 ഗ്രാം എംഡിഎംഐ ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.

ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സംഘം നേരത്തേയും എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നു. വിൽപ്പനയായിരുന്നു ലക്ഷ്യം. വളാഞ്ചേരി സിഐ രഞ്ജിത്ത് കെ ആർ, എസ്ഐമാരായ വിനോദ് ടി.എം, പ്രസന്നകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇരുവരെയും റിമാൻഡ് ചെയ്തു. സംഘത്തിൻറെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്




