സംസ്ഥാന സ്‌കൂള്‍ കായിക മേള; കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി
.
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ തിരക്കുപിടിച്ച സംഘാടന ചുമതലകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമിടയിലും, മത്സരത്തിനെത്തിയ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. കോട്ടയം ജില്ലയില്‍ നിന്നും മേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കൊപ്പമിരുന്നാണ് മന്ത്രി ഭക്ഷണം കഴിച്ചത്.

മേളയിലെ താമസ-ഭക്ഷണ സൗകര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും കുട്ടികളോട് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി, അവരെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. വിജയവും പുതിയ റെക്കോര്‍ഡുകളും ലക്ഷ്യമിട്ട് ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കുന്ന കുട്ടികള്‍ക്ക് കായികമേള കേവലം മത്സരവേദി മാത്രമല്ല, സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വലിയൊരു ഇടം കൂടിയാണ്.

വിവിധ ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും അനുഭവങ്ങള്‍ പങ്കുവെക്കുന്നതും മേളയുടെ ആവേശം ഇരട്ടിയാക്കുന്നു. ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന മേളയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിപുലമായ ഭക്ഷണവിതരണ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി മൈതാനത്ത് ഒരേസമയം 2,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വലിയ പന്തലാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ കൊടിയത്തൂരിലും പാചകപ്പുര സജ്ജീകരിച്ചിട്ടുണ്ട്.



