KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കാർ ഓടിച്ചുകയറ്റി ലഹരി സംഘങ്ങൾ

.

കോഴിക്കോട്: കുറ്റ്യാടിയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. രണ്ട് കാറിലായാണ് ലഹരി സംഘം എത്തിയത്. സ്റ്റേഷൻ പരിസരത്ത് കാറിലെത്തിയവർ ഏറ്റുമുട്ടി. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ഒരു കാറിൽ നിന്ന് എം‍ഡിഎംഎയും കഞ്ചാവും പിടികൂടിയിട്ടുണ്ട്. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതികളെ നിയന്ത്രിച്ചത്.

 

സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. നാട്ടിൽ ലഹരി സംഘങ്ങളുടെ ക്രിമിനൽ പശ്ചാത്തലം എത്രത്തോളം ഭയപ്പെടുത്തുന്ന രീതിയിലേക്ക് വളർന്നിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം. ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വൻ സംഘട്ടനത്തിന് ഒടുവിലാണ് രക്ഷപ്പെടാനായി പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് തന്നെ ഒരു സംഘം വാഹനം ഓടിച്ചു കയറ്റിയത്.

 

സ്റ്റേഷൻ പരിസരത്ത് വെച്ചും ഇവർ അക്രമം തുടർന്നു. അതിസാഹസികമായാണ് പ്രതികളെ പൊലീസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. നിയമ സംവിധാനങ്ങളെപ്പോലും ഭയമില്ലാത്ത രീതിയിൽ മയക്കുമരുന്ന് മാഫിയകൾ തെരുവിൽ അഴിഞ്ഞാടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം ക്രിമിനലുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Share news