കരളിനെ സംരക്ഷിക്കാം
.
ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന അവയവമാണ് കരൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ സംസ്കരിക്കുക, ശരീരത്തിലെ ദോഷകരമായ പദാർത്ഥങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് കരൾ നിർവഹിക്കുന്നത്. ഒരു പെഗിൽ തുടങ്ങുന്ന മദ്യപാനം പലപ്പോഴും പല പെഗുകളാകാം.. കരളിനെ സംരക്ഷിക്കാൻ മദ്യപാനം ഒഴിവാക്കുകയോ പരമാവധി നിയന്ത്രിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

ബേക്കറി ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതലുള്ള വിഭവങ്ങൾ എന്നിവയുടെ അമിത ഉപയോഗം ശരീരഭാരം വർധിപ്പിക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂട്ടാനും ഇടയാക്കും. മീൻ, മുട്ട, ചിക്കൻ തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കാം. പഴങ്ങൾ ജ്യൂസാക്കി കുടിക്കുന്നതിനേക്കാൾ മുഴുവനായി കഴിക്കുന്നതാണ് പൊതുവേ ആരോഗ്യകരം.

ഫ്രൂട്ട് ജ്യൂസിൽ മധുരം ഇടുമ്പോഴത്തേക്കും അതിന്റെ ഗുണം നഷ്ടപ്പെടുന്നു. അതിനാൽ പഴങ്ങൾ മിതമായ അളവിൽ നേരിട്ട് കഴിക്കുന്നതും പഞ്ചസാര ചേർത്ത പാനീയങ്ങൾ നിയന്ത്രിക്കുന്നതും പ്രധാനമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്കൊപ്പം പതിവായ ശാരീരിക പ്രവർത്തനവും ആവശ്യമാണ്.

ജിമ്മിൽ പോയി കുറച്ചുകാലം വ്യായാമം ചെയ്തശേഷം നിർത്തുന്നതിനു പകരം, എക്സസൈസും ഡയറ്റും ജീവിതശെെലിയുടെ ഭാഗമാക്കുക. ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരുമാതിരിപ്പെട്ട ലിവർ സംബന്ധിച്ച പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ സാധിക്കും. ഡയബറ്റിസ്, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയവയ്ക്ക് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കേണ്ടത് അനിവാര്യമാണ്.



