കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പുറത്ത് ഒന്നിനും കൊള്ളാത്ത ഭൂമിയെന്ന് എഴുതി തള്ളി. ഇപ്പോൾ വ്യവസായത്തിന് അനുയോജ്യമെന്ന് കണ്ടെത്തൽ
.
കണ്ണൂർ: കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പുറത്ത്. ഒന്നിനും കൊള്ളാത്ത ഭൂമിയെന്ന് എഴുതി തള്ളിയ സ്ഥലം ഇപ്പോൾ വ്യവസായത്തിന് അനുയോജ്യമെന്ന് കണ്ടെത്തൽ. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വ്യവസായ വികസനത്തിന് കിഫ്ബിയുടെ സഹായത്തോടെ കിൻഫ്ര ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലും പുറത്തും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കിൻഫ്ര തയ്യാറാക്കിയ കേവലം ഒരു കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ ഭൂമി ഏറ്റെടുക്കൽ നടത്തിയതെന്നും, സമഗ്രമായ പഠനമോ വ്യക്തമായ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം ആയിരം ഏക്കർ ഭൂമിയിൽ വലിയൊരു ഭാഗം ഉപയോഗശൂന്യമാണെന്നും വികസനയോഗ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥനത്തിലായിരുന്നു ഒക്ടോബർ 28-ന് മന്ത്രിസഭ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ കോൺഫറൻസിൽ സംഭവിച്ചത് മറ്റൊന്നാണ്! സംസ്ഥാന സർക്കാർ തന്നെ തയ്യാറാക്കി എല്ലാ എംപിമാർക്കും വിതരണം ചെയ്ത ഔദ്യോഗിക അജണ്ടയിലെ ഏഴാമത്തെ ഇനം പരിശോധിച്ചാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട അതേ ഭൂമിയിൽ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണെന്നു കണ്ട് രണ്ട് വ്യവസായ നഗരങ്ങൾ സ്ഥാപിക്കാൻ ഇതേ സതീശൻ സർക്കാർ തീരുമാനിച്ചെന്ന വിവരമാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്!

കണ്ണൂർ ജില്ലയിലെ പട്ടന്നൂർ വില്ലേജിലെ വെള്ളപ്പറമ്പ്–കീഴല്ലൂർ പ്രദേശത്തെ 475 ഏക്കറും പനയത്തംപറമ്പിലെ 497 ഏക്കറും ഉൾപ്പെടുന്നതാണ് ഈ ഭൂമി. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ നിർദ്ദേശങ്ങൾ പഴയ എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ചതല്ല എന്നതാണ്. നിലവിലെ യു.ഡി.എഫ് സർക്കാർ തന്നെ 2026 ജൂൺ 22-ന് ഈ ഭൂമി ഭാരത് ഔദ്യോഗിക് വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകി. തുടർന്ന് ജൂലൈ 28-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്റ്റേറ്റ് ലെവൽ കമ്മിറ്റി രണ്ട് നിർദ്ദേശങ്ങൾക്കും അംഗീകാരം നൽകി. ആദ്യ നിർദ്ദേശമായ കണ്ണൂർ സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി (പട്ടന്നൂർ വില്ലേജിലെ വെള്ളപ്പറമ്പ്–കീഴല്ലൂർ പ്രദേശത്തെ 475 ഏക്കർ) ജൂലൈ 30-ന് കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന് സമർപ്പിച്ചു. രണ്ടാമത്തെ നിർദ്ദേശമായ കണ്ണൂർ എയ്റോ ഇൻഡസ്ട്രിയൽ സിറ്റി ഒക്ടോബർ 31-ന് പ്രോജക്ട് നമ്പർ 139 ആയി കേന്ദ്രത്തിന് സമർപ്പിച്ചു.

രണ്ട് പദ്ധതികളുടെയും വിശദമായ DPR തയ്യാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻസിയായ ഏണസ്റ്റ് ആൻഡ് യങ്ങിനെ ചുമതലപ്പെടുത്തുകയും ചെയ്തു സതീശൻ സർക്കാർ. ഇതിലും വലിയ വിരോധാഭാസമെന്താണ്? ഒരു വ്യവസായ നഗരത്തിനുള്ള നിർദ്ദേശം സമർപ്പിച്ച് വെറും രണ്ടുമാസത്തിനകം, പ്രസ്തുത ഭൂമി ഉപയോഗയോഗ്യമല്ലെന്ന് പറഞ്ഞുകൊണ്ട് ഒക്ടോബർ 28-ന് മന്ത്രിസഭ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നു. തീർന്നില്ല, അതിന്റെ വെറും മൂന്ന് ദിവസത്തിനുശേഷം, ഒക്ടോബർ 31-ന്, അതേ ഭൂമിയുടെ ശേഷിക്കുന്ന ഭാഗത്ത് രണ്ടാമത്തെ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നു! കേന്ദ്രസർക്കാരിന്റെ ഭാരത് ഔദ്യോഗിക് വികാസ് യോജന പ്രകാരം രാജ്യത്ത് 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
33,660 കോടി ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ യോഗ്യമായ ഭൂവികസനത്തിന് ഏക്കറിന് ഒരു കോടി രൂപ വരെ കേന്ദ്രസഹായം ലഭിക്കാം. അടിസ്ഥാനസൗകര്യ വികസനത്തിന് പദ്ധതിച്ചെലവിന്റെ 25 ശതമാനം വരെ അധിക സഹായവും ലഭിക്കാം. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഭാരത് ഔദ്യോഗിക് വികാസ് യോജന പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിർദ്ദിഷ്ട ഭൂമിയുടെ കുറഞ്ഞത് 90 ശതമാനവും നിർവഹണ ഏജൻസിയുടെ കൈവശവും ബാധ്യതകളില്ലാത്തതുമായിരിക്കണം.
അതായത്, മുഖ്യമന്ത്രി സതീശൻ നേരത്തെ ആരോപിച്ചതുപോലെ കിൻഫ്രയുടെ യുടെ കൺസെപ്റ്റ് നോട്ട് കേവലം ഒരു കൺസെപ്റ്റ് നോട്ട് മാത്രം ആയിരുന്നില്ല എന്നർത്ഥം. അപ്പോൾ ഏത് സതീശനെയാണ് നമ്മൾ വിശ്വസിക്കേണ്ടത്? ഉപയോഗ ശൂന്യമാണെന്നു ആരോപിച്ചു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുക്കലിനെ സംശയത്തിന്റെ നിഴലിലാക്കിയ സതീശനെയോ? അതേ ഭൂമിയെ ദേശീയ നിലവാരത്തിലുള്ള വ്യവസായ നഗരങ്ങൾക്ക് അനുയോജ്യമാണെന്ന് അംഗീകരിച്ച് കേന്ദ്രസഹായം തേടുന്ന സതീശനെയോ? സ്വന്തം സർക്കാരിന്റെ ഉന്നതതല സമിതി അംഗീകരിച്ച പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നോ? അതോ അറിഞ്ഞുകൊണ്ടുതന്നെ രണ്ട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുകയായിരുന്നോ?



