ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്നും തുടരും
.
ഇടുക്കി: ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്നും തുടരും. ചക്കക്കൊമ്പൻ അനുയോജ്യമായ പ്രദേശത്ത് എത്തിയാൽ വീണ്ടും മയക്കുവെടി വെക്കും. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നാണ് വിവരം. കനത്ത മഴയോ മൂടൽ മഞ്ഞോ ആണെങ്കിൽ ദൗത്യം വിണ്ടും നീളും. ഇന്നലെ 13 മണിക്കൂർ നീണ്ട മിഷൻ നടത്തിയെങ്കിലും ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനായില്ല.

ഇന്നലെ ആദ്യ മയക്കുവെടി വെച്ചെങ്കിലും കാട്ടാന പൂർണമായും മയങ്ങിയില്ല. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇന്നലെ പുലർച്ചെ 4 മണിക്ക് ദൗത്യം ആരംഭിച്ചെങ്കിലും വൈകിട്ട് 4 മണിയോടെയാണ് ചക്കക്കൊമ്പന് നേരെ ആദ്യ മയക്കുവെടി വെക്കാൻ സാധിച്ചത്. ചിന്നക്കനാൽ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ച ചക്കക്കൊമ്പന്റെ കാലിലായിരുന്നു മയക്കുവെടി കൊണ്ടത്.

എന്നാൽ പുല്ലിൽ തട്ടിയതിനാൽ ആദ്യ ഡോസ് ഏറ്റില്ല. അരമണിക്കൂർ നിരീക്ഷിച്ച ശേഷം ബൂസ്റ്റർ ഡോസിന് ഒരുങ്ങുമ്പോൾ ചക്കക്കൊമ്പൻ പൂർണ ആരോഗ്യത്തോടെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്തു. രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചെങ്കിലും ഉന്നം പിഴച്ചതോടെ ചക്കക്കൊമ്പൻ കാടിനുള്ളിലേക്ക് കയറി. ശക്തമായ മഴയും മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയായി മാറിയതോടെ ഇന്നലെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.




