KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണത്തിൽ പതിവായി ഓട്സ് ഉൾപ്പെടുത്തൂ; ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

.

ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ഓട്സ്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഈ ഭക്ഷ്യവിഭവം ഹൃദയാരോഗ്യത്തിനും വളരെയേറെ ഗുണകരമാണ്. ഓവർനൈറ്റ് ഓട്സ്, സ്മൂത്തി, പുട്ട് തുടങ്ങിയ ഭക്ഷണങ്ങൾ ഓട്സ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയും.

 

ഓട്സിൽ ധാരാളമായി നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഇതിലുള്ള ലയിക്കുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കൻ ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഓട്സിൽ കൂടുതലായി നാരുകൾ ഉള്ളതിനാൽ മലബന്ധം ഒഴിവാക്കി മലവിസർജനം നല്ല രീതിയിൽ നടക്കുന്നതിന് സഹായിക്കുന്നു.

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ നടത്തിയ ചില പഠനങ്ങളിൽ ഓട്സ് കഴിക്കുന്നത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത ഭക്ഷണമായി ഓട്സ് കഴിക്കാം. ദഹനപ്രക്രിയയ്ക്കും മലവിസർജനത്തിനും ആരോഗ്യകരമായ കുടൽ അന്തരീക്ഷം ആവശ്യമാണ്. അതിൽ ദിവസേന ഓട്സ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

 

പതിവായി ഓട്സ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓട്സ് വാങ്ങുമ്പോൾ ഫ്ലേവേർഡ് ഓട്സിനേക്കാൾ പ്ലെയിൻ ഓട്സ് തെരഞ്ഞെടുക്കുന്നത് ശ്രദ്ധിക്കണം. കൃത്രിമ മധുരവും പഞ്ചസാരയും ചേർന്നതിനാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല. സ്റ്റീൽ കട്ട് ഓട്സ്, റോൾഡ് ഓട്സ് എന്നിവയാണ് ഉപയോഗിക്കേണ്ടത്.

 

ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുമ്പോൾ പഴങ്ങൾ, നട്സ്, വിത്തുകൾ, പാൽ അല്ലെങ്കിൽ തൈര് ചേർക്കുന്നത് വളരെ നല്ലതാണ്. ചിലരിൽ വയറുവീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ തുടക്കത്തിൽ ചെറിയ അളവിൽ ഉപയോഗിച്ച് പിന്നീട് അളവ് മെച്ചപ്പെടുത്താൻ കഴിയും. ഓട്സ് കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.

 

Share news