KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം ഇന്ന് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വദിനം ആചരിക്കുന്നു

.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം സിപിഐഎം സമുചിതമായി ആചരിക്കുന്നു. സംസ്ഥാന എല്ലായിടത്തും സിപിഐഎം നേതൃത്വത്തിൽ പ്രഭാതഭേരി നടത്തിയും പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും പ്രവർത്തകർ ദിനാചരണം നടത്തുകയാണ്. കേരളത്തിലെ ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന്‌ രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ. സിപിഐഎം പരിപാടിയിൽ പങ്കെടുക്കാനായി തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയ ശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നുനടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിന്‌ ഉണ്ടായിരുന്നു.

.
വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന് പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു.

സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടൻ. പാർടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനമാണ് അഴീക്കോടൻ നടത്തിയത്. തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെയും ഒരുമിച്ച്‌ അണിനിരത്തി പ്രക്ഷോഭപാതകൾക്ക് അദ്ദേഹം കരുത്തുപകർന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു.

സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ രാഘവൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് അഴീക്കോടൻ പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നൽകി. 1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിനു നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തി.

Share news