KOYILANDY DIARY.COM

The Perfect News Portal

.
കൊയിലാണ്ടി: കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും വാടക കെട്ടിടത്തിൽ നിന്ന് ഒഴിയാതെ കൊയിലാണ്ടി സബ്ട്രഷറി ഓഫീസ്. ഇടപാടുകാരുടെയും നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമായെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പുതിയ കെട്ടിടം ഉപയോഗിക്കാനാകാതെ കിടക്കുകയാണ്. ദേശീയ പാതയിൽ നിന്ന് കെട്ടിത്തിലേക്കുള്ള  ആക്സസ് കിട്ടാത്തതാണ് ഏറ്റവും വലിയ പ്രയാസമായി നിൽക്കുന്നത്. ഇതിനായി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ 7 ലക്ഷം രൂപ കെട്ടിവെക്കണം എന്നാണ് അറിയിച്ചത്. ഈ തുക ആര് കെട്ടിവെക്കുമെന്നതും പ്രശ്നമാണ്.
എന്നാൽ വടകര എം.പിയുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ പണം കെട്ടിവെക്കാതെ തന്നെ ടൈൽ പാകിയ ഫുട് പാത്ത് കട്ട് ചെയ്ത് കെട്ടിത്തിലേക്കുള്ള വഴി ഉണ്ടാക്കാൻ സാധിക്കും. എന്നാൽ അത്തരം നീക്കം എം.പിയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. എം.എൽ.എ.യും ഇക്കാര്യത്തിൽ ശ്രദ്ധകൊടുക്കുന്നില്ലെന്നാണ് അറിയുന്നത്. എംഎൽഎയും എംപിയും കൈകോർത്താൽ ഉടൻതന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാനാവുന്നതാണ്.
മുകളിലത്തെ നിലയിലേക്കുള്ള ഏണിപ്പടിയുടെ ഉയരം കെ.എസ്.ഇ.ബി ലൈനിനടുത്തുകൂടെ പോകുന്നതുകൊണ്ട് അവിടെയും തടസ്സങ്ങൾ നിൽക്കുകയാണ്.  ഇതിനായി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് ആവശ്യമായ നീക്കങ്ങൾ ശക്തമാക്കിയാൽ KSEBക്ക് ഉടൻ തന്നെ NOC കൊടുക്കാനാകും. എൻഎച്ച്എഐ, കെഎസ്ഇബി, നഗരസഭ എന്നിവിടങ്ങിളിൽ നിന്ന് ലഭിക്കേണ്ട അനുമതി ലഭ്യാമായൽ ഉടനെ പുതിയ കെട്ടിടത്തിലേക്ക് മാറാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ട്രഷറി ഓഫീസർ കെ. ആർ ബിന്ദു കൊയിലാണ്ടി ഡയറിയോട് പങ്കുവെച്ചത്. ആവശ്യത്തിനുള്ള ഫർണ്ണിച്ചറുകളും മറ്റ് അടിസ്ഥാന സൌകര്യവും ഇതിനൊപ്പം ലഭ്യമാക്കേണ്ടതുണ്ട്.
കെ. ദാസൻ എംഎൽഎ ആയ സമയത്താണ് സംസ്ഥാന സർക്കാരിൽ നിന്ന് 2 കോടി രൂപ ട്രഷറിക്കായി അനുവദിച്ചത്. പിന്നീട് വന്ന കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കിയാണ് 2025 ഏപ്രിൽ 29ന് നിർമ്മാണ ഉദ്ഘാടനം നടന്നത്. തുടർന്ന് അതിവേഗതയിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി കെട്ടിടം 2026 മാർച്ച് 10ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തകയും, നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ശിലാഫലകം അനാഛാദനം ചെയ്യുകയും ചെയ്തു.
പ്രവർത്തന സൗകര്യത്തിനായി 2023 ജൂലായ് 19 മുതലാണ് ട്രഷറി താൽക്കാലികമായി അരങ്ങാടത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ഭീമമായ തുകയാണ് വാടകയിനത്തിൽ ഇപ്പോഴും കൊടുക്കുന്നത്. നേരത്തെ ട്രഷറി പ്രവർത്തിച്ചിരുന്ന റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള 9.22 സെൻ്റ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ ട്രഷറി വകുപ്പിന് അനുമതി നൽകുകയായിരുന്നു. KSSPU ഉൾപ്പെടെയുള്ള പെൻഷൻ സംഘടനകളുടെയും മറ്റ് ഇടപാടുകാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടം എന്ന ആശയം. 1967ൽ സ്ഥാപിതമായ ട്രഷറിയിൽ 3100 ഓളം പെൻഷൻകാരും അതിലേറെ മറ്റ് ഇടപാടുകാരും ഈ ഓഫീസിനെയാണ് ആശ്രയിക്കുന്നത്. താലൂക്കിലെ 200ൽ അധികം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവും ഈ ഓഫീസ് വഴിയാണ് നീങ്ങുന്നത്.
Share news
error: Content is protected !!