KOYILANDY DIARY.COM

The Perfect News Portal

ജപ്പാനോട് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം മടക്കി ബ്രസീൽ ജയംകുറിച്ചു

.

ഹൂസ്‌റ്റൺ: അപമാനത്തിൻ്റെ ചാരത്തിൽ നിന്ന് കനലുയർന്നു. പിന്നെ ആളിപ്പടർന്നു. ലോകകപ്പ് – ഫുട്‌ബോളിലെ തിരിച്ചുവരവുകളുടെ പുസ്ത‌കത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായം ഹൂസ്‌റ്റണിൽ കണ്ടു. ജപ്പാനോട് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം മടക്കി ബ്രസീൽ ജയംകുറിച്ചു. അഞ്ച് തവണ ജേതാക്കളായ കാനറികൾ പ്രീ ക്വാർട്ടറിലേക്കുള്ള പടവുകൾ കയറി. ആദ്യം ജപ്പാന്റെ സാമുറായ് വീര്യമായിരുന്നു. അരമണിക്കൂർ പൂർത്തിയാകുന്പോഴേക്കും കയ്‌ഷു സാനോയുടെ കുതിപ്പ് ബ്രസീലിന്റെ വല തകർത്തു. മഞ്ഞക്കടൽ തണുത്തുറഞ്ഞു. പാതി മുറിഞ്ഞ പാസുകളും ലക്ഷ്യമില്ലാത്ത നീക്കങ്ങളുമായി ബ്രസീൽ കളത്തിലലഞ്ഞു. ഏഷ്യ ചിരിച്ചു. പക്ഷേ, ഇടവേളയ്ക്കുശേഷം കാർലോ ആൻസെലോട്ടിയെന്ന തന്ത്രജ്ഞൻ കാനറികൾക്ക് ഊർജം പകർന്നു. തന്ത്രങ്ങളോതി.

.
ജപ്പാന്റെ ബോക്‌സിലേക്ക് ക്രോസുകൾ ഉയർന്നു. ആദ്യപകുതിയിൽ ശാപവാക്കുകളേറ്റ കാസെമിറോ ഒരു നിമിഷത്തിൽ ബ്രസീലിന്റെ വീരനായകനായി. ഒന്നാന്തരം ഹെഡ്ഡർ. ഗബ്രിയേൽ ഇടതുഭാഗത്തുനിന്ന് തൊടുത്ത ക്രോസ് പോസ്‌റ്റിൻ്റെ വലതുമൂലയിൽവച്ച് കാസെമിറോ തലകൊണ്ട് കുത്തുകയായിരുന്നു. അതുവരെ ബ്രസീലിൻ്റെ വേലിയേറ്റങ്ങളെ ചെറുത്ത സുസുക്കി എന്ന ജപ്പാൻ ഗോൾകീപ്പർ ആ നിമിഷം മാത്രം പതറി. അതിനുമുന്‌പ് കാസെമിറോ പറന്നുതൊടുത്തൊരു ഹെഡർ അവിശ്വസനീയമായി സുസുക്കി നിർവീര്യമാക്കിയിരുന്നു.
വിനീഷ്യസിൻ്റെ കുതിച്ചെത്തിയ പന്തിനെ ഒറ്റക്കൈ കൊണ്ട് ദിശ മാറ്റിച്ചു. അത് പോസ്‌റ്റിൽ തട്ടി പുറത്തായി. ഗുയ്‌മറസിൻ്റെ ഹെഡ്ഡർ ഉയർന്നുപാടി തട്ടിയകറ്റി. ഗബ്രിയേലും വിനീഷ്യസും ബ്രൂണോ ഗുയ്മെറസും വീണ്ടും വീണ്ടും ബോക്സ‌ിലേക്ക് പന്ത് ഉയർത്തിവിട്ടു. സുസുക്കിയും പ്രതിരോധക്കാരും കോട്ട കെട്ടി. ആദ്യ നിമിഷങ്ങളിൽ കണ്ട ജാപ്പനീസ് വീര്യം ബ്രസീലിന്റെ കുത്തൊഴുക്കിൽ കെട്ടുതുടങ്ങുകയായിരുന്നു. ദയ്ച്‌ചി കമാദയ്ക്കും അയേസി ഉയേദക്കുമൊന്നും പ്രത്യാക്രമണത്തിനുള്ള വഴി കിട്ടിയില്ല. ഏഷ്യൻ സ്വപ്‌പ്നം ഒന്ന് മോഹിപ്പിച്ച് അണയാൻ തുടങ്ങി. ഇടവേളയ്ക്കുശേഷം ലൂയിസ് പക്വേറ്റയ്ക്കു പകരം കൗമാരക്കാരൻ എൻഡ്രിക്കിനെ കൊണ്ടുവന്ന ആൻസെലോട്ടിയുടെ നീക്കം നിർണായകമായി.
വേഗതകൊണ്ട് എൻഡ്രിക്കിന് കളംപിടിക്കാനായി. ജപ്പാൻ കളി അധികസമയത്തേക്ക് നീട്ടാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ബ്രസീലിന് ജയിച്ചാലേ മതിയാകുമായിരുന്നുള്ളൂ. ബോക്‌സിന് പുറത്ത് കാനറികൾ മറ്റൊരു കൊടുങ്കാറ്റിന് തയ്യാറെടുത്തു. ജപ്പാൻ വലിഞ്ഞു. ഗുയ്മെറസ് പന്ത് ബോക്‌സിലേക്ക് ഒഴുക്കി. അവിടെ ഗബ്രിയേൽ മാർട്ടിനെല്ലിയുണ്ടായിരുന്നു. ജപ്പാൻ പ്രതിരോധത്തിനിടയിൽനിന്ന് മാർട്ടിനെല്ലി വലയിലേക്കുള്ള വഴിവെട്ടി. സുസുകി പിടഞ്ഞു. പന്ത് വലയെ പുൽകി. ബ്രസീൽ ആനന്ദക്കണ്ണീരിലായി.
കളംനിറഞ്ഞുകളിച്ച ഗുയ്‌മറസ് ഈ ലോകകപ്പിൽ നാലാമത്തെ ഗോളിനാണ് അവസരമൊരുക്കിയത്. ബ്രസീലിന്റെ പ്രതിരോധപ്പിഴവിൽനിന്നാണ് ജപ്പാൻ തുടക്കത്തിൽ ഞെട്ടിച്ചത്. കാസെമിറോയുടെ ലക്ഷ്യം തെറ്റിയ പാസ് പിടിച്ചെടുത്ത സാനോ ഒറ്റക്കുതിപ്പിന് പ്രതിരോധം കടന്നു. പിന്നെ മിന്നുന്നൊരു ഷോട്ടിൽ ഗോൾകീപ്പർ അലിസൺ ബെക്കറെയും കീഴടക്കി.
Share news
error: Content is protected !!