വിഷു ദിനത്തിലെ സംഘർഷം കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്
.
കൊയിലാണ്ടി: വിഷുവിന്റെ തലേ ദിവസം കീഴരിയൂർ കൺസ്യൂമർ ഫയർ വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് പടക്കം വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ വാളിക്കണ്ടി ഷൈജു (38) എരയമ്മൻ കണ്ടി സജിൽ (40) എന്നിവര് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതികളായ തിക്കോടി നാഗത്ത് വീട്ടിൽ പാർത്ഥൻ, നാഗത്ത് വീട്ടിൽ പ്രയാഗ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. പ്രതികളുടെ ചവിട്ടേറ്റ് ഷൈജുവിൻ്റെ വലത് കാലിൻ്റെ എല്ല് രണ്ട് സ്ഥലത്ത് പൊട്ടുകയും എല്ല് പുറത്തേക്ക് വരികയും ചെയ്തു. തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സിക്കുകയും ലക്ഷകണക്കിന് രൂപ ചിലവഴിക്കുകയും ചെയ്തു.

.
പ്രതികളെ സംഭവസ്ഥലത്ത് നാട്ടുകാർ തടഞ്ഞുവെക്കുകയും പിന്നെ പോലിസിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പ്രതികളുടെ ബന്ധുക്കളിൽ ചിലരും പോലീസുകാരും അവരുടെ സ്വാധീനത്തിന് വഴങ്ങി പ്രതികളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയക്കുകയാണ് ഉണ്ടായത്. തുടർന്ന് ഷൈജു കൊയിലാണ്ടി പോലിസിന് പരാതി ബോധിപ്പിക്കുകയും കേസെടുക്കാത്തതിനെതുടർന്ന് ഉന്നതഉദ്യോഗസ്ഥൻമാർക്ക് പരാതി ബോധിപ്പിച്ചെങ്കിലും പ്രതികളുടെ സ്വാധീനം കാരണം കേസെടുത്തില്ല.
.

തുടർന്ന് ഷൈജു അഡ്വ. വി സത്യൻ മുഖാന്തിരം കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹരജി ബോധി പ്പിച്ചതിനെ തുടർന്നാണ് മജിസ്ടേറ്റ് കാർത്തിക കേസ് റജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈജു ഇപ്പോഴും കിടപ്പിലാണ്. നാട്ടുകാരുടെ മുമ്പിൽ വെച്ച് നടന്ന സംഭവത്തിൽ കൊയിലാണ്ടി പോലിസ് കേസെടുക്കാത്തതിൽ പ്രതിഷേധവും വ്യാപകമായിരുന്നു.



