റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്സ്പ്രസ് തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
.
കണ്ണൂർ: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്സ്പ്രസ് തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. കട്ടക്കുളം സ്വദേശി കെ.എഫ്. അനീഷിന്റെയും ഷീജയുടെയും മകനാണ്. ശനിയാഴ്ച രാത്രി 10.50-ഓടെ ചെറുകുന്ന് ചിടങ്ങീലിലായിരുന്നു സംഭവം. ചിടങ്ങീലിലെ അമ്മവീട്ടിൽ താമസിച്ചുവരികയായിരുന്ന ഫെലിൻ, സമീപത്തെ ക്ലബ്ബിന്റെ കലാപരിപാടികൾ കാണാൻ പോയതായിരുന്നു. ഈ വീട്ടിൽനിന്ന് 250 മീറ്റർ അകലെ വെച്ചായിരുന്നു അപകടം.

പരിപാടിക്കിടെ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോൾ മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ഭയന്നുപോയ സുഹൃത്തുക്കൾ ആദ്യം വിവരം അറിയിക്കാതിരുന്നത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. വണ്ടി വരുന്ന ശബ്ദം കേൾക്കാൻ പറ്റിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ശരീരം മുഴുവനും ചിന്നിച്ചിതറിയിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ ഞായറാഴ്ച രാവിലെയാണ് പൂർണ്ണമായി കണ്ടെത്താനായത്.




