മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ തല്ല് മുറുകുന്നു; പ്രഖ്യാപനം പോര് അടങ്ങിയിട്ട് മതിയെന്ന് ഹൈക്കമാന്‍ഡ്
.
തിരുവനന്തപുരം: അധികാരം കിട്ടുന്നതിന് മുൻപേ കസേരയ്ക്കായി കോൺഗ്രസ് നേതാക്കൾ തെരുവിൽ തമ്മിലടിക്കുന്നു. കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടിവെച്ചു. നേതാക്കളുടെ അച്ചടക്കമില്ലായ്മയിൽ എഐസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

പരസ്യമായ ചേരിപ്പോര് അവസാനിപ്പിക്കാതെ പേര് പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ദില്ലിയിലെ ധാരണ. മുഖ്യമന്ത്രി പദത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുന്നതാണ് ഹൈക്കമാൻഡിനെ വെട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് യുക്തമായ തീരുമാനം എടുക്കുമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ഹൈക്കമാന്‍ഡിനോട് എല്ലാം സംസാരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.




