കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ഉഷ്ണതരംഗത്തിന് സമാനമായ ചൂട് തുടരും
.
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിൽ ഒഴികെ ചൂട് അതികഠിനമായേക്കും. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയിൽ 40°C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.




