KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ കടുത്ത ചൂട്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

.

സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 2026 മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പാലക്കാട്, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36°C വരെയും താപനില വർധിക്കാൻ സാധ്യതയുണ്ട്.

 

ഉയർന്ന താപനിലയ്ക്കൊപ്പം വായുവിൽ ഈർപ്പം കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisements

 

നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്. സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെയും മുതിർന്ന പൗരന്മാരെയും വളർത്തുമൃഗങ്ങളെയും വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

 

Share news