നിങ്ങളുടെ ഹൃദയം പ്രശ്നത്തിലാണെന്നതിന്റെ അഞ്ച് സൂചനകൾ ഇതാണ്; കാർഡിയോളജിസ്റ്റ് പറയുന്നു
.
ഹൃദയാഘാതം വരുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ശരീരം നൽകുന്ന പ്രധാനമായ പല സൂചനകളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തോ ഗുരുതരമായ ചില പ്രശ്നങ്ങൾ ശരീരത്തിലുണ്ട് എന്നതിന്റെ മുന്നറിയിപ്പാകാം അത്. നിങ്ങൾക്ക് സ്ഥിരമായുള്ള രീതികളിൽ നിന്നും മാറി ശരീരത്തിൽ മറ്റെന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ ഉൾപ്പെടുന്ന ചില ലക്ഷണങ്ങളാണ് അമിതമായ ക്ഷീണം, വിശ്രമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ.

പലരും അവഗണിക്കുന്ന, താത്കാലികമായി മാത്രമുണ്ടാകുന്ന ചില പ്രശ്നങ്ങളാണെന്ന് ചിന്തിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് കാർഡിയോളജിസ്റ്റായ ഡോ. അലോക് ചോപ്ര. ഇത്തരം ലക്ഷണങ്ങൾ മനസിലാക്കുക എന്നത് ഹൃദ്രോഗങ്ങളെ തടയാൻ സഹായകമാകുമെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു.

ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ശരീരം ചില സൂചനകൾ നൽകുമെന്ന് അദ്ദേഹം പറയുന്നു. സൂക്ഷ്മമായ ഈ അടയാളങ്ങൾ ശ്രദ്ധിച്ചാൽ ഹൃദയത്തെ സംരക്ഷിക്കാൻ തീർച്ചയായും കഴിയുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സാധാരണ പ്രവർത്തനങ്ങൾക്കിടയിൽ ശ്വാസതടസം അനുഭവപ്പെടുന്നത് ഒരു സൂചനയാണ്. പടിക്കെട്ടുകൾ കയറുമ്പോൾ, നടക്കുമ്പോൾ, കിടക്കുമ്പോഴൊക്കെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുവെങ്കിൽ നിങ്ങളുടെ ഹൃദയം ഓക്സിജൻ കൃത്യമായി സർകുലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നെന്നാണ് അർത്ഥം.

അസാധാരണമായ ക്ഷീണത്തെയും ശ്രദ്ധിക്കണം. ദൈന്യദിന പ്രവർത്തനത്തിനിടയിൽ അല്ലെങ്കിൽ ഒന്നു നടന്നുകഴിഞ്ഞാലുള്ള അമിതമായ ക്ഷീണവും ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള സൂചനയാകാം. വിശ്രമിച്ചതിന് ശേഷവും ക്ഷീണം തോന്നുന്നതും സ്ഥിരം ചെയ്യുന്ന പ്രവർത്തികൾ നിങ്ങളുടെ ശരീരത്തെ തളർച്ചയിലേക്കാണ് നയിക്കുന്നതും നിങ്ങളുടെ ഹൃദയം രക്തം നന്നായി പമ്പു ചെയ്യുന്നില്ലെന്നതിന്റെ മുന്നറിയിപ്പാണ്. ഇത് നിങ്ങളുടെ ഊർജ്ജത്തെയും ബാധിക്കും.
ഹൃദയമിടിപ്പിലുണ്ടാകുന്ന താളപ്പിഴകളാണ് സൂക്ഷിക്കേണ്ട അടുത്ത അടയാളം. ഹൃദയമിടിപ്പിന്റെ താളത്തിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, ഇടവിട്ടുള്ള ഹൃദയമിടിപ്പ്, ശക്തമായ ഹൃദയമിടിപ്പ്, വേഗത്തിൽ കൃത്യതയില്ലാതെയുള്ള ഹൃദയമിടിപ്പ് എന്നിവയൊന്നും ശ്രദ്ധ നൽകാതെ തള്ളിക്കളയരുത്. ഹൃദയം സമ്മർദത്തിലാണെന്നതിന്റെ സൂചനയാണിത്.
ഉറക്കമില്ലായ്മ അല്ലെങ്കിൽ വിശ്രമമില്ലായ്മയും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശരിയായ രീതിയിൽ മതിയായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെകുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. ഇതൊരു പതിവായാൽ ഡോക്ടറെ കാണാൻ വൈകരുത്. ഉറക്കത്തിനിടയിൽ നിരന്തരം എഴുന്നേൽക്കുക, ശ്വസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക, നേരെ നിവർന്ന് കിടന്നുറങ്ങാൻ കഴിയാതെ വരിക എന്നീ അവസ്ഥകളൊന്നും തള്ളിക്കളയാൻ പാടില്ലാത്ത ലക്ഷണങ്ങളാണ്.



