KOYILANDY DIARY

The Perfect News Portal

സ്ട്രീറ്റ് ലൈറ്റ് കത്താത്തതിൽ യുഡിഎഫ് കൗൺസിലർമാർ ചൂട്ട് തെളിയിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി; സ്ട്രീറ്റ് ലൈറ്റ് കത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ മുൻസിപ്പൽ ഓഫീസിനു മുന്നിൽ ചൂട്ട് തെളിയിച്ച് പ്രതിഷേധിച്ചു. മാസങ്ങളോളമായി നഗരസഭയിലെ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്ത സാഹചര്യമുണ്ടായിട്ടും ഇവ നന്നാക്കാനുള്ള നടപടി എടുക്കാത്ത നഗരസഭയുടെ അലംഭാവത്തിൽ കൗൺസിലർമാർ പ്രതിഷേധിച്ചു. ഒട്ടുമിക്ക ലൈറ്റുകളുടെയും റിപ്പയർ ചെയ്യാനുള്ള എ.എം.സി കഴിഞ്ഞിട്ടും അത് പുനഃസ്ഥാപിക്കാൻ നഗരസഭാ ശ്രമിക്കുന്നില്ല, സർക്കാരിന്റെ പുതിയ നിലാവ് പദ്ധതി പ്രകാരം വാർഡുകളിലെ നിലവിലുള്ള ലൈറ്റുകൾ മാറ്റി പുതിയ ലൈറ്റ് വെക്കുന്ന പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

സ്ട്രീറ്റ് ലൈറ്റ് ലൈൻ ഉള്ള ഇടങ്ങളിൽ മാത്രമേ ഇത്തരം ലൈറ്റുകൾ വെക്കാൻ സാധിക്കുകയുള്ളൂ മറ്റിടങ്ങളിൽ കേടായ ലൈറ്റുകൾ കത്താതെ തന്നെ കിടക്കുകയാണ്. എന്നാൽ ഈ കാരണം പറഞ്ഞുകൊണ്ടാണ് കേടായ ലൈറ്റുകൾ നന്നാക്കാത്തത് വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്ന് കൗൺസിലർമാർ പറഞ്ഞു. വാർഡിലെ ജനങ്ങളോട് മറുപടി പറഞ്ഞു മടുത്തതായി കൗൺസിലർമാർ.  അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു സമര പരിപാടി സംഘടിപ്പിച്ചത്. നഗരസഭ യുഡിഎഫ്കൗൺസിൽ പാർട്ടി ലീഡർ പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്ത സമര പരിപാടിയിൽ കൗൺസിലർമാരായ വിപി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, എ നജീബ്, ജമാൽ മാസ്റ്റർ, അസീസ് മാസ്റ്റർ, രജീഷ് വെങ്ങളത്തുകണ്ടി, വത്സരാജ് കേളോത്ത്, ഫക്രുദ്ദീൻ മാസ്റ്റർ, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത്, റഹ്മത്ത് കെ ടി ബി, ഷൈലജ, സുമതി, ദൃശ്യ, ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *