KOYILANDY DIARY

The Perfect News Portal

സിറ്റി ഗ്യാസ് വഴി ഓണത്തിന്‌ 25 വീടുകളിൽ പ്രകൃതിവാതകമെത്തും

കോഴിക്കോട്: ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് വഴി ഓണത്തിന്‌ 25 വീടുകളിൽ പ്രകൃതി വാതകമെത്തും. ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വീടുകളിലാണ് പാചകവാതകം എത്തിക്കുക. രണ്ടാംഘട്ടത്തിൽ ഓണത്തിനുശേഷം 400 വീടുകളിലും സിറ്റി ഗ്യാസ്‌ എത്തിക്കും. വീടുകളിലേക്ക്‌ വിതരണ ലൈൻ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്‌.  പൈപ്പ്‌ വഴി കുടിവെള്ളമെത്തിക്കുന്നതുപോലെയാണ്‌  വീടുകളിൽ പാചകവാതകം എത്തിക്കുക. അളവ്‌ കണക്കാക്കാൻ മീറ്ററും സ്ഥാപിക്കും. നിലവിലുപയോഗിക്കുന്ന പാചകവാതകത്തെക്കാൾ വിലയിൽ കുറവുണ്ടാകും. സുരക്ഷിതവുമാണ്‌.

ഉണ്ണികുളം മുതൽ കുന്നമംഗലംവരെ  23.4 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ കമീഷൻ ചെയ്‌തിട്ടുണ്ട്‌. വൈകാതെ ഈ ഭാഗത്തും വീടുകളിലേക്ക്‌ കണക്‌ഷൻ നൽകും.  ഉണ്ണികുളം പഞ്ചായത്തിൽ 14 കിലോമീറ്ററിൽ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പനങ്ങാട് ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിൽ ആറുമാസത്തിനകം പ്രകൃതിവാതകമെത്തും. കോഴിക്കോട് നഗരത്തിൽ 14.6 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചു. കണ്ണൂർ റോഡ്, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലെ പൈപ്പിടൽ പൂർത്തിയായി.  ദേശീയപാത അതോറിറ്റിയുടെ അനുമതി വൈകുന്നതിനാൽ കുന്നമംഗലം മുതൽ വെള്ളിമാടുകുന്നുവരെയുള്ള  ലൈൻ പ്രവൃത്തി തുടങ്ങിയിട്ടില്ല.   വാഹനങ്ങൾക്ക് സിഎൻജി ഇന്ധനം നിറയ്ക്കാനുള്ള 12 സ്റ്റേഷനുകളും ജില്ലയിൽ തുടങ്ങി.

എസ്റ്റേറ്റ്മുക്കിലെ മദർ ഗ്യാസ്‌ സ്റ്റേഷൻ ട്രക്കുകളിൽ ഇന്ധനം നിറയ്ക്കാനുള്ള ഫില്ലിങ്‌ സ്റ്റേഷനായും പ്രവർത്തിക്കുന്നു. മദർ സ്റ്റേഷനിലേക്ക് ഗെയിൽ പൈപ്പ്‌ലെെൻ വഴിയാണ് നേരിട്ട് പ്രകൃതിവാതകം എത്തുന്നത്. മറ്റിടങ്ങളിലേക്ക് ഉണ്ണികുളത്തുനിന്ന് വാഹനത്തിൽ എത്തിക്കുകയാണ്. നേരത്തെ കൊച്ചിയിൽനിന്ന്‌ വാഹനങ്ങളിലായിരുന്നു കോഴിക്കോട്ടെ പമ്പുകളിലേക്ക് സിഎൻജി എത്തിച്ചിരുന്നത്. ഇത്  ഇന്ധനക്ഷാമത്തിന് ഇടയാക്കിയിരുന്നു. എസ്റ്റേറ്റ്മുക്കിൽ സംവിധാനം ആയതോടെ പ്രശ്നം  പരിഹരിക്കപ്പെട്ടു.  മാവൂർ റോഡ് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള  പൈപ്പ് ലൈൻ കണക്‌ഷൻ പ്രവൃത്തി വ്യാഴാഴ്‌ച ആരംഭിക്കുമെന്ന്‌ സിറ്റി ഗ്യാസ് അധികൃതർ പറഞ്ഞു. 

Advertisements


Leave a Reply

Your email address will not be published. Required fields are marked *