KOYILANDY DIARY.COM

The Perfect News Portal

നിപ ഭീതി; നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ

.

സംസ്ഥാനത്ത് നിപ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ. നിപ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട ജില്ലകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയ സമീപ ജില്ലകൾ കേന്ദ്രീകരിച്ചും പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ഈ ജില്ലകളിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ട്രൂനാറ്റ് പരിശോധന സംവിധാനം ഏർപ്പെടുത്തണം എന്നതാണ് നിർദ്ദേശം. ഇതിലൂടെ രോഗബാധ തുടക്കത്തിലെ കണ്ടെത്താനും വ്യാപനം തടയാനും സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

 

സംസ്ഥാനത്ത് പതിനൊന്നാമത് നിപ ഔട്ട് ബ്രേക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാമനാട്ടുകരയിലെ കേസ് ഉൾപ്പെടെ ആകെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 39 കേസുകൾ. ഇതിൽ 11 കേസുകളുടെ ഉറവിടം വവ്വാൽ എന്നാണ് നിഗമനം. മറ്റ് 28 കേസുകളും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതാണ്. കോഴിക്കോട് തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിപയുടെ നിരീക്ഷണ സംവിധാനത്തിൽ മാറ്റം കൊണ്ടുവരണം എന്നതാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

Advertisements

 

കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഇതുവരെ നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം പടർത്തുന്ന വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയതിൽ വയനാട്, കണ്ണൂർ ജില്ലകളും ഉൾപ്പെടുന്നു. ഈ ജില്ലകൾ കേന്ദ്രീകരിച്ച് നിപയുടെ നിരീക്ഷണം ശക്തിപ്പെടുത്തണം എന്നതാണ് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നത്.

 

അണുബാധ നിയന്ത്രണ സംവിധാനം എല്ലാ പ്രധാനപ്പെട്ട സർക്കാർ സ്വകാര്യ ആശുപത്രികളിലും ഉറപ്പാക്കണം എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരിസ്ഥിതിയിൽ നിന്ന് എങ്ങനെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത് എന്നത് ശാസ്ത്രീയമായി കണ്ടെത്തണം. ഇതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നത് സഹായിക്കും എന്നാണ് നിർദേശം.

Share news
error: Content is protected !!