വീട്ടുകാര്‍ ഉപേക്ഷിച്ച യുവതിക്കും കുഞ്ഞിനും സെന്റ് വിന്‍സന്റ് കോണ്‍വെന്റ് ഹോമില്‍ അഭയം
കോഴിക്കോട് > പ്രണയിച്ച് വിവാഹം കഴിച്ചതിന് വീട്ടുകാര്‍ ഉപേക്ഷിച്ച യുവതിക്കും കുഞ്ഞിനും സെന്റ് വിന്‍സന്റ് കോണ്‍വെന്റ് ഹോമില്‍ അഭയം. പത്തനംതിട്ടയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ഭുവനേശ്വരന്റെ ഭാര്യ സുജയെയും അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് ജില്ലാ കോടതിക്കു സമീപത്തെ കോണ്‍വെന്റില്‍ അഭയം നല്‍കിയത്.
ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ അഞ്ചു ദിവസം മുമ്പാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍നിന്ന് ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് പോകാനിടമില്ലാതായത്. നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷക്കായി ആരംഭിച്ച പിങ്ക് പൊലീസ് ദമ്പതികളെയും കുഞ്ഞിനെയും സെന്റ് വിന്‍സന്റ് ഹോമില്‍ എത്തിക്കുകയായിരുന്നു.