KOYILANDY DIARY

The Perfect News Portal

വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. അടൂര്‍ കരുവാറ്റ സ്വദേശി ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി(33)യാണ് മരിച്ചത്. റിയാദിലെ ഉബൈദ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മാര്‍ച്ച്‌ 19ന് റിയാദിലെ താമസസ്ഥലത്ത് വച്ചാണ് സൂസിയ്ക്ക് വിഷ ഉറുമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ സൂസിയെ റിയാദിലെ ഉബൈദ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതിനാല്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ജോഹന്ന, ജോ എന്നിവരാണ് സൂസിയുടെ മക്കള്‍.

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ റിയാദില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ കണ്ണൂര്‍ സ്വദേശി സംറീന്‍ മരണപ്പെട്ടിരുന്നു. വീടിന് പുറത്ത് വച്ച്‌ ഉറുമ്പിന്റെ കടിയേറ്റ സംറീന്‍ ശ്വാസംതടസമുണ്ടായാണ് മരണപ്പെട്ടത്. യുഎഇയിലും അല്‍ഐനിലും മസ്ക്കറ്റിലും സമാന സംഭവങ്ങളില്‍ മലയാളികള്‍ മരണപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *