KOYILANDY DIARY

The Perfect News Portal

നിപ വെെറസ്; ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പ്

കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമവുമായി ആരോഗ്യവകുപ്പ്. നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവ സന്ദര്‍ശിച്ചവര്‍ അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കി.

മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, സി.ടി.സ്കാന്‍ മുറി, കാത്തിരിപ്പു മുറി എന്നിവ മേയ് അഞ്ചിന് രാവിലെ 10-നും വൈകീട്ട് അഞ്ചിനുമിടയിലും മേയ് 14-ന് രാത്രി ഏഴിനും ഒമ്പതിനുമുടയിലും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപ സെല്ലില്‍ വിളിക്കണം.

ബാലുശ്ശേരി താലൂക്ക് ആശുപത്രി മേയ് 18, 19 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടുവരെ സന്ദര്‍ശിച്ചവരും വിളിക്കണം. നിപ ബാധിച്ച്‌ മരിച്ച റസിന്‍, അഖില്‍ എന്നിവരുമായി ഇടപഴകിയവരും നിര്‍ബന്ധമായും നിപ സെല്ലില്‍ അറിയിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. ഫോണ്‍: 0495 2381000.

Advertisements

Leave a Reply

Your email address will not be published. Required fields are marked *