KOYILANDY DIARY

The Perfect News Portal

തദ്ദേശതെരഞ്ഞെടുപ്പ് > അഴിമതിക്കെതിരായ ജനവിധി സിപിഐ എം കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: പാര്‍ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് ഉണ്ടാവുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി കൂട്ടായ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. വ്യക്തികള്‍ അവരവരുടേതായ പങ്ക് വഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ടി എല്ലാക്കാലത്തും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.കമ്യൂണിസ്റ്റുകാര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിക്കാന്‍ കഴിയില്ല. പാര്‍ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കാലം വരെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് വി എസ് അച്യുതാനന്ദന്‍. ഈ നിലയില്‍ തന്നെ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചു. വേറിട്ട നിലയില്‍ ആയിരുന്നില്ല പ്രവര്‍ത്തനം. വി എസിന്റെ ഊര്‍ജം യുവതലമുറയ്ക്കും മാതൃകയാണ്. പാര്‍ടി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് യെച്ചൂരി പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും എതിരായ വിധിയെഴുത്താണ് കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും ജാതിസംഘടന നേതാക്കളുമായി കൈകോര്‍ക്കാനുള്ള അവരുടെ ശ്രമങ്ങളെയും ജനങ്ങള്‍ തിരസ്കരിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ അപചയം ബിജെപിക്ക് നേട്ടമായി. ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചത് ആശങ്കാജനകമാണ്.എല്‍ഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. ഐക്യത്തോടും ജനകീയ പ്രശ്നങ്ങളില്‍ ദിശാബോധത്തോടുമാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയതെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

Advertisements

ബിഹാര്‍ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വര്‍ഗീയ പ്രചാരണം ജനങ്ങള്‍ തള്ളി. ജനങ്ങളുടെ ഭക്ഷണശീലം, ന്യൂനപക്ഷ സംവരണം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് മോഡിയും അമിത് ഷായും ബിഹാറില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. വലതുപക്ഷ വര്‍ഗീയ അജണ്ടയ്ക്ക് എതിരായ പോരാട്ടത്തിന് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ശക്തിപകരും. ബിഹാറില്‍ ഇടതുമുന്നണി നടത്തിയ പ്രചാരണം ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരിച്ചു.

ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ എംഎല്‍ മൂന്ന് സീറ്റില്‍ ജയിച്ചു. ഇത് ഭാവി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ദിശാസൂചികയാണ്.20ന് പട്നയില്‍ നടക്കുന്ന നിതീഷ്കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.