KOYILANDY DIARY.COM

The Perfect News Portal

കോഴവാഗ്‌ദാനം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. കെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസാണ് കെസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എം കെ രാഘവന്റേത് ഉള്‍പ്പെടെയുള്ള പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി. വീഡിയോയില്‍ കൃത്രിമം കാണിച്ചെന്ന രാഘവന്റെ പരാതി തെറ്റാണെന്ന് പ്രഥാമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ഒളിക്യാമറയില്‍ ഗൂഢാലോചന നടന്നുവെന്ന രാഘവന്റെ പരാതിയില്‍ കഴമ്പില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഗൂഢാലോചന തെളിയിക്കുന്ന ഒരു കാര്യവും രാഘവന് ഹാജരാക്കാനായില്ല.

ടിവി9 ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്. തന്റെ മണ്ഡലത്തില്‍ ഒരു സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച റിപ്പോര്‍ട്ടറോട് എം കെ രാഘവന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ് കേസിനാസ്പദമായ സംഭവം.

ഇതേതുടര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്  റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!