KOYILANDY DIARY.COM

The Perfect News Portal

കോരപ്ര – പൊടിയാടി റോഡ് വികസിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു

കൊയിലാണ്ടി: കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരപ്ര പൊടിയാടി റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് വികസിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇക്കാര്യമുന്നയിച്ച് കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. 6.200 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 3.5 കിലോമീറ്റർ കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിലും ബാക്കി തുറയൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുമാണ്.

ഈ റോഡിൽ നടയ്ക്കൽ, മുറി നടയ്ക്കൽ ഭാഗങ്ങളിൽ എട്ടുകോടി രൂപ ചെലവിൽ രണ്ട് പാലങ്ങൾ പുതുതായി നിർമിക്കുന്നുണ്ട്. ഇതിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലംപണി പൂർത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പി, നടേരി റോഡ്, കീഴരിയൂർ, തുറയൂർ വഴി വടകര ഭാഗത്തേക്ക് സുഗമമായ സഞ്ചാരമാർഗം തുറക്കപ്പെടും. വടകരയ്ക്കുള്ള ദൂരം പതിമ്മൂന്നര കിലോമീറ്ററോളം കുറയുകയും ചെയ്യും. അതുകൊണ്ട് ഈ റോഡിൽ ഗതാഗത തിരക്കേറാനും ഇടയാവും.

കീഴരിയൂർ തുറയൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ കോരപ്ര-പൊടിയാടി റോഡിലെ നടയ്ക്കൽ പാലത്തിന്റെയും മുറി നടയ്ക്കൽ പാലത്തിന്റെയും നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. കാൽനടക്കാർക്കും ചെറു വാഹനങ്ങൾക്കും മാത്രം കടന്നു പോകാൻ കഴിയുമായിരുന്ന നടയ്ക്കൽ പാലവും മുറിനടയ്ക്കൽ പാലവും വലിയ പാലങ്ങളാകാനാണ് പോകുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!