KOYILANDY DIARY.COM

The Perfect News Portal

ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സിന്റെ മനുഷ്യാവകാശ പുരസ്കാരം ഉമർ ഖാലിദിന്

.

കഴിഞ്ഞ ആറു വർഷമായി ജയിലിൽ കഴിയുന്ന ജെഎൻയു മുൻ ഗവേഷണ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് 2026ലെ ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സിന്റെ മനുഷ്യാവകാശ പുരസ്കാരം. അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഫ്രണ്ട് ലൈൻ ഡിഫെൻഡേഴ്സ്’ ഏർപ്പെടുത്തിയ 2026-ലെ ഏഷ്യൻ മേഖലയിലെ ‘ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡേഴ്സ് അറ്റ് റിസ്ക്’ പുരസ്കാരത്തിനാണ് ഉമർ ഖാലിദ് അർഹനായത്.

 

ഒക്ടോബർ 8ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സ് ഇക്കാര്യം അറിയിച്ചത്. 2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ആറ് വർഷത്തിലേറെയായി വിചാരണയില്ലാതെ തിഹാർ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ഉമർ ഖാലിദിനെ തടവിലാക്കിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

 

ഉമർ ഖാലിദിന്റെ പ്രവർത്തനങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തെ രാജ്യദ്രോഹിയായും ഭരണകൂടത്തിന്റെ ശത്രുവായും ചിത്രീകരിക്കുമ്പോൾ, മറ്റുള്ളവർക്ക് അദ്ദേഹം ഒരു ദേശീയ നായകനും ജനങ്ങളുടെ ശബ്ദവും മനുഷ്യാവകാശ സംരക്ഷകനുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2019-2020 കാലഘട്ടത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഉമർ ഖാലിദ് പ്രധാന പങ്കുവഹിച്ചിരുന്നു.

 

തുടർന്ന് 2020 സെപ്റ്റംബർ 14ന് ദില്ലി കലാപക്കേസിലെ സൂത്രധാരൻ എന്ന് ആരോപിച്ച് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ (UAPA), രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 18-ഓളം വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

 

Share news