KOYILANDY DIARY

The Perfect News Portal

ഉണർവ് സാംസ്‌ക്കാരിക ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി

കൊയിലാണ്ടി : മതേതര സംസ്‌ക്കാരവും മാതൃഭാഷയും സംരക്ഷിക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഉണർവ്വ് സാംസ്‌ക്കാരിക ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കാസർഗോഡ് നിന്ന് ആരംഭിച്ച 4 ദിവസമായി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്ന് വൈകീട്ട് കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് എത്തിച്ചേർന്ന ജാഥയെ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: സത്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന റാലിയിൽ ജാഥാ ലീഡർ കെ. വി. കുഞ്ഞികൃഷ്ണൻ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷതവഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, എം. ആർ. രാഘവ വാര്യർ തുടങ്ങിയ സാംസ്‌ക്കാരിക നായകരും വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുതിർന്ന ലൈബ്രറി പ്രവർത്തകരായ കന്മന ശ്രീധരൻ മാസ്റ്റർ, ഇ. കെ. ദാമു മാസ്റ്റർ തുടങ്ങിയ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. സി. കുഞ്ഞമ്മദ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, പബ്ലിക് ലൈബ്രറി സെക്രട്ടരി പി. കെ. ഭരതൻ, ടി. വി ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. പി. വേണു മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *