ഉണ്ണി മുകുന്ദനും സംവിധാനത്തിലേക്ക്
മലയാളത്തിലെ യുവതാരനിരയില്‍ ഇപ്പോള്‍ ഓള്‍റൗണ്ടര്‍മാരുടെ കാലമാണ്. സംവിധാനവും അഭിനയവും പാട്ടുമെല്ലാം ഒരുമിച്ചുകൊണ്ടു നില്‍ക്കുന്നവര്‍ക്കൊപ്പം നടന്മാരും തങ്ങളുടെ സംവിധാന മോഹം പൊടി തട്ടിയെടുക്കുകയാണ്. പ്രിഥ്വിരാജ് തന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനും സംവിധാനത്തിലേക്ക് തിരിയാന്‍ ഒരുങ്ങുന്നു. സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രത്തില്‍ സഹ സംവിധായകനായാണ് ഉണ്ണി മുകുന്ദന് തുടക്കം കുറിക്കുക. ഉണ്ണി മുകുന്ദന് തന്നെയാണ് ഈ ആവശ്യം സേതുവിനോട് പറഞ്ഞത്. മമ്മൂട്ടിക്കും താല്പ്പര്യമായിരുന്നു. നടനെന്ന തിരക്കുകള്‍ ബാധിക്കാതെ ഈ സിനിമയ്ക്കായി സമയം കണ്ടെത്താനാണ് ഉണ്ണിയുടെ ശ്രമം.
മല്ലുസിംഗ് ചെയ്തതു മുതല്‍ തനിക്ക് സഹോദരനെ പോലെയാണ് ഉണ്ണി മുകുന്ദനെന്നും എല്ലാ സിനിമകളിലും അയാളെ സഹകരിപ്പിക്കുന്നത് തന്റെയും ആഗ്രഹമാണെന്നും സേതു പറയുന്നു. സേതുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അച്ചായന്‍സിലും ഒരു വ്യത്യസ്ത വേഷത്തില്‍ ഉണ്ണി മുകുന്ദന് ഉണ്ട്.