KOYILANDY DIARY

The Perfect News Portal

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്.

ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച്‌ ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍വെച്ച്‌ ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്ബനി പറഞ്ഞു. കപ്പല്‍ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു.

Advertisements

അതിനിടെ, വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനിക കപ്പലിനു ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി യു.എസ്. അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ സൈനിക ഇടപെടലാണിത്. എന്നാല്‍, യു.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഡ്രോണ്‍ നഷ്ടമായിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

യു.എസിന്റെ ‘യു.എസ്.എസ്. ബോക്‌സര്‍’ എന്ന യുദ്ധക്കപ്പലാണ് വ്യാഴാഴ്ച ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതെന്ന് പെന്റഗണ്‍ വക്താവ് ജൊനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. കപ്പലിന്റെയും കപ്പലിലുണ്ടായിരുന്നവരുടെയും സുരക്ഷയുറപ്പാക്കാനായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

കപ്പലിന്റെ 914 മീറ്റര്‍ ദൂരെനിന്നാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവുംപുതിയ പ്രകോപനമാണിത്. തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള അവകാശം യു.എസിനുണ്ടെന്നും ട്രംപ് പറഞ്ഞു. ജൂണില്‍ ഹോര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *