UDF സർക്കാരിന് കനത്ത തിരിച്ചടി: മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
UDF സർക്കാരിന് കോടതിയുടെ കനത്ത തിരിച്ചടി: മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പ്രവർത്തകരെ അകാരണമായി ഗൺമാന്മാർ അക്രമിച്ചെന്നാരോപിക്കുന്ന കേസിലാണ് SITക്ക് തിരിച്ചടി കിട്ടിയത്. അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. എന്നാൽ പുതിയ തെളിവുകളൊന്നും കോടതിയിൽ ഹാജരാക്കാനായില്ല.




