KOYILANDY DIARY.COM

The Perfect News Portal

നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ ബീഹാറിലെ പാറ്റ്നയ്ക്ക് അടുത്ത് നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്. ലഹരി കഴിച്ച്‌ അബോധാവസ്ഥയിലായ നിലയിലായിരുന്നു പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയത്. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്.

തിങ്കളാഴ്ച വൈകിട്ട് പുസ്തകം വാങ്ങാനെന്നും പറഞ്ഞ് പുറത്തേക്ക് പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. പുസ്തക കടയില്‍ ചോദിച്ചപ്പോള്‍ കുട്ടികള്‍ പുസ്തകം വാങ്ങിയതായി അറിഞ്ഞിരുന്നു. ഗ്രേറ്റര്‍ നോയിഡ പൈ സെക്ടര്‍ ഇന്‍ഫോമാറ്റിക് അപാര്‍ട്ട്മെന്റ് സി 12ല്‍ താമസിക്കുന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തൃശൂര്‍ കൊരട്ടി സ്വദേശി ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെയാണ് കാണാതായത്. ഇതുസംബന്ധിച്ച്‌ കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തിനിടെ ബുധനാഴ്ച ഇതില്‍ ഒരു കുട്ടി അച്ഛനെ വിളിച്ചു. എന്നാല്‍ ഫോണ്‍ പെട്ടെന്ന് കട്ടാവുകയും ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു ഇത്. പിന്നീട് അച്ഛന്‍ വിളിച്ചപ്പോള്‍ എടുത്തത് മറ്റൊരാളായിരുന്നു. കുട്ടികള്‍ തന്റെ ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. കുട്ടികള്‍ പാട്നയ്ക്ക് മുന്‍പുള്ള സ്റ്റേഷനില്‍ ഇറങ്ങിയെന്നും അറിയിച്ചു. ഇതോടെ പോലീസ് ഈ ഭാഗത്ത് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ലഹരി കഴിച്ച്‌ അബോധാവസ്ഥയിലായ കുട്ടികളെ പോലീസ് കണ്ടെത്തിയത്.

അബോധാവസ്ഥയിലായിരുന്നുവെങ്കിലും അച്ഛന്റെ ഫോണ്‍ നമ്ബര്‍ ഒരു കുട്ടി ഓര്‍ത്തെടുത്തു. ഇതോടെ പോലീസ് അച്ഛനുമായി ബന്ധപ്പെടുകയായിരുന്നു. ഇവര്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ബസിലാണ് യാത്ര തുടങ്ങിയത്. പിന്നീട് ഹൗറയിലേക്കുള്ള ഹിമഗിരി എക്സ്പ്രസില്‍ കയറിയെന്നാണ് സൂചന. കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. സ്തുതി ഒന്‍പതിലും പഠിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!