തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി, ബ്ളൂ വെയിലെന്ന് സംശയം
മധുര: തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത് ബ്ളൂ വെയില് ഗെയിം കളിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം. മധുര തിരുമംഗലം സ്വദേശിയും മന്നാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ വിഘ്നേഷിനെയാണ് ബുധനാഴ്ച വൈകിട്ട് 4.15 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്നേഷിന്റെ ഇടതുകൈയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രം വരച്ച് ബ്ലൂ വെയില് എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇതാണ് ബ്ളൂ വെയില് ഗെയിം കളിച്ചാണ് വിഘ്നേഷിന്റെ മരണമെന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
വിഘ്നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ താന്‍ ബ്ലൂ വെയില് കെണിയില്‍ പെട്ടതായി പറയുന്നുണ്ട്. ബ്ലൂ വെയില് എന്നത് വെറുമൊരു കളിയല്ലെന്നും അപകടം പിടിച്ചതാണെന്നും കത്തില്‍ പറയുന്നു. ഒരുതവണ ഈ കെണിയില്‍ പെട്ടുപോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിഘ്നേഷ് ബ്ലൂ വെയില് കളിച്ചിരുന്നതായി സുഹൃത്തുക്കളും സൂചന നല്കി. അതേസമയം, വിഘ്നേഷിന്റെ മാതാപിതാക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.