മഹാത്മാഗാന്ധിയുടെ ജന്മദിനം: ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്മദിനത്തില് ഗാന്ധി സ്മരണ പുതുക്കുകയാണ് രാഷ്ട്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി എന്നിവരുള്‍പ്പടെയുള്ള വിശിഷ്ട വ്യക്തികളും രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യത്തിൻ്റെ വിവിധി ഭാഗങ്ങളില്‍ ഗാന്ധി സ്മരണ പുതുക്കുന്നതിനായി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലും ലഖ്നോവില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുമാണ് പദയാത്രകള്‍ നടക്കുക.
ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധി സങ്കല്പ് യാത്ര 120 ദിവസമാക്കി നീട്ടിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്നത് ഇന്ന് തുടങ്ങി, ഈ മാസം31 വരെ നടത്താനായിരുന്നു. യാത്ര 2020 ജനുവരി 31ന് ആയിരിക്കും സമാപിക്കുക.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 115ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി, സ്പീക്കര്‍, രാഷ്ട്രപതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ ഇന്ന് വിജയ് ഘട്ടിലെത്തി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.