KOYILANDY DIARY

The Perfect News Portal

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റലായി

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റലായി. കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു. ആർ കോഡ് പതിച്ച് മാലിന്യ ശേഖരണം ആരംഭിച്ചു.
ജില്ലയിൽ ആദ്യമായി സർവ്വേ പൂർത്തീകരിച്ച് പ്രവർത്തനസജ്ജമായ ആദ്യത്തെ നഗരസഭ എന്ന തലയെടുപ്പോടെ കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലർ മനോജ് പയറ്റുവളപ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ. ബാബു, കെ. റിഷാദ്, ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി സിന്ധു ദേവരാജ് എന്നിവർ സംസാരിച്ചു.
Advertisements
കെൽട്രോണിൻ്റെ സഹായത്തോടെയാണ്  മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ നഗരസഭ ഡിജിറ്റലൈസ് ചെയ്തത്. ജനുവരി മുതൽ ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയാണ് നഗരസഭയിൽ മാലിന്യ ശേഖരണം നടക്കുക. നഗരസഭയിൽ ഹരിത കർമ്മസേനയുടെ മുഴുവൻ പ്രവർത്തനങ്ങളും നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് ഏത് സമയവും വിലയിരുത്താൻ കഴിയും.
പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുള്ള സംവിധാനം, അശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹരിത കർമ്മസേനയ്ക്ക് നഗരസഭയിൽ അറിയിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥർക്ക് ഹരിത കർമ്മസേനയുടെ ജോലി ഓരോ ദിവസവും പ്രത്യേകം തിരിച്ചു നൽകാനുള്ള സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൃത്യത ഉറപ്പാക്കാൽ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെട്ടതാണ് ഈ പദ്ധതി.
ഹരിത കർമ്മ സേനയുടെ ഓക്സിലറി ഗ്രൂപ്പാണ് നഗരസഭയുടെ ഈ നേട്ടത്തിന് വഴിയൊരുക്കിയത്. മാലിന്യ സംസ്കരണ രംഗത്ത് അത്യാധുനിക സങ്കേതങ്ങൾ നടപ്പിലാക്കുക വഴി ശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.