KOYILANDY DIARY.COM

The Perfect News Portal

തിക്കോടി എഫ്. സി. ഐ യില്‍ ലോറിക്ക് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം

തിക്കോടി എഫ്. സി. ഐ യില്‍ ലോറിക്ക് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം.
എഫ്. സി. ഐ യിലെ ലോറി ഡ്രൈവര്‍ മൂരാട് അന്‍വര്‍ മന്‍സിലില്‍ യാസര്‍ അറാഫത്ത് (31) ആണ് ലോറിക്ക് മുകളില്‍ കയറി പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ കനത്ത പോലീസ് സുരക്ഷക്കിടെയായിരുന്നു സംഭവം.
തിക്കോടി എഫ്  സി ഐ യിലെ മാസങ്ങളായി തുടരുന്ന തൊഴിലാളി സമരത്തിനിടെയാണ് ഈ സംഭവം. പുതുതായി കരാറെടുത്ത ആളുടെ  പതിനേഴോളം ലോറികള്‍ ഗോഡൌണില്‍  പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം. തുടർന്ന് ഇയാളെ പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ. സി. സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി ബലം പ്രയോഗിച്ച്  താഴെ ഇറക്കുകയായിരുന്നു.
എഫ്. സി. ഐ യിലെ ചരക്ക് നീക്കാന്‍ പുതുതായി കരാര്‍ എടുത്തയാള്‍ നിലവിലെ ലോറികളെ ഒഴിവാക്കി പുതിയ ലോറികള്‍ കൊണ്ട് വന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. ഇതിനിടെ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ നിരവധി തവണ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിരുന്നില്ല. പുതിയ കരാറുകാരനെതിരെ നേരത്തെ സമരത്തിലായിരുന്ന  തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നത്തെ സംഭവുമായി ബന്ധപ്പെട്ട്  തൊഴിലാളികളായ പതിനൊന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അറുപതോളം പേരാണ് ഇവിടെ ലോറി ജീവനക്കാരായിട്ടുള്ളത്. പിന്നീട് പോലീസ് സാനിദ്ധ്യത്തില്‍ കരാറുകാരൻ്റെ മുഴുവന്‍  ലോറികളെയും അകത്തേക്ക് കടത്തി വിട്ടു. പയ്യോളി എസ്. ഐ അരുണ്‍ മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Share news
error: Content is protected !!