KOYILANDY DIARY.COM

The Perfect News Portal

നാദാപുരം കുമ്മങ്കോട് പുലിയെ കണ്ടെത്താനുള്ള ഏഴാം ദിവസത്തെ പരിശോധനയും വിഫലം

.

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് പുലിയെ കണ്ടെത്താനുള്ള ഏഴാം ദിവസത്തെ പരിശോധനയും വിഫലമായി. തെർമൽ ഡ്രോൺ, ആർ ആർ ടി, പൊലീസ് ഉൾപ്പെടെയുള്ള സംഘങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഉച്ച മുതൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

 

70 ഓളം വരുന്ന സേനാഗങ്ങളാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കോഴിക്കോട് നാദാപുരം കുമ്മങ്കോട് പുലിയിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പുലിയെ പിടികൂടാൻ സാധിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്. മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഒരാഴ്ച്ചക്കിടെ മൂന്ന് തവണ വീട്ടുകാർ പുലിയെ നേരിൽ കണ്ടിരുന്നു. വിപുലമായ സന്നാഹങ്ങളൊരുക്കിയുള്ള പരിശോധനയിലും പുലിയെ കണ്ടെത്താൻ കഴിയാത്തത് മേഖലയിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്.

 

ഈ മേഖലയിലെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതോടെ കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കളും മടിക്കുന്നു. അതേസമയം പ്രദേശത്തെ കാട് മൂടിയ ഭാഗങ്ങൾ വെട്ടിത്തെളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥക്കെതിരെ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. പുലിയെ കണ്ടെത്താൻ പരിശോധന തുടരുമെന്ന് ആവർത്തിക്കുകയാണ് വനം വകുപ്പ് അധികൃതർ.

 

Share news