KOYILANDY DIARY.COM

The Perfect News Portal

അതിഥി തൊഴിലാളികളുടെ മക്കൾക്ക് സ്നേഹ സമ്മാനവുമായി മലബാർ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം

.
കോഴിക്കോട്: ശിശുദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ‘ഒരു സ്നേഹസമ്മാനം’ എന്ന പേരിൽ സാമൂഹിക സേവന പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ അർഹരായ അതിഥി തൊഴിലാളികളുടെ മക്കളിലേക്ക് സ്നേഹവും കരുതലും എത്തിക്കുക, അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടിസംഘടിപ്പിച്ചത്.
.
.
പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാർത്ഥികൾ സ്നേഹ സമ്മാനങ്ങൾ കൈമാറി. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തതിലൂടെ ശിശുദിനാഘോഷം കൂടുതൽ അർത്ഥവത്തായി.
പാഠപുസ്തകങ്ങൾക്കപ്പുറം സാമൂഹിക ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് ഈപ്രവർത്തനം അവസരമൊരുക്കി.
സ്നേഹം, കരുണ, പങ്കുവെക്കൽ, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി. മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിച്ചു. ചെറിയൊരു സമ്മാനത്തിലൂടെ വലിയൊരു സന്തോഷം പകരാൻ കഴിഞ്ഞ ഈ പ്രവർത്തനം പങ്കെടുത്ത വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഒരുപോലെ ഹൃദ്യമായ അനുഭവമായി. 
Share news