KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഷവർമ്മാ ഷോപ്പിലേക്ക് കൊണ്ടുവന്ന ചിക്കൻ തെരുവുപട്ടികൾ കടിച്ചു; കട അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഷവർമ്മാ ഷോപ്പിലേക്ക് കൊണ്ടുവന്ന ചിക്കൻ തെരുവുപട്ടികൾ കടിച്ചു. കടയ്ക്കെതിരെയും, ചിക്കൻ ഇറക്കിയ താമരശ്ശേരി ചിക്കൻ സെൻ്ററുകാർക്കെതിരെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയെടുത്ത് കട അടപ്പിച്ചു. ഇന്നു രാവിലെയാണ് സംഭവം. പഴയ സ്റ്റാന്റിനു മുന്നിലുള്ള സമദിൻ്റെ ഉടമസ്ഥതയിലുള്ള ഒഫിക്സ് ഷവർമ്മാ സ്റ്റാളിനെതിരെയാണ് നടപടി. ഇവിടേക്ക് കട തുറക്കുന്നതിനു മുന്നേ ഇറക്കി വെച്ച ചിക്കനാണ് തെരുവുപട്ടികൾ കടിച്ചു പറിച്ചത്.

കടയ്ക്ക് പുറത്ത് മൂടിയില്ലാത്ത പാത്രത്തിൽ താമരശ്ശേരിയിലെ ചിക്കൻ സെൻ്ററുകാർ ഇറക്കിയതായിരുന്നു ഈ ഇറച്ചി. തെരുവുപട്ടികൾ കടിച്ച് പറിച്ച് കൊണ്ടുപോകുന്നത് നാട്ടുകാർ കാണുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി രണ്ട് ദിവസത്തേക്ക് കട അടക്കാൻ നോട്ടീസ് നൽകി. ഡോ. ശ്വേതാ വേലായുധൻ, അരവിന്ദ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്. താമരശ്ശേരി ചിക്കൻ സെൻ്ററിനെതിരെയും നടപടി എടുത്തതായി ശ്വേതാ വേലായുധൻ പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ ഉടനെ നഗരസഭയെ അറിയിക്കുകയും നഗരസഭ ജീവനക്കാരെത്തി മുഴുവൻ ചിക്കനും മാറ്റിയതായും കട ഉടമകൾ പറഞ്ഞു.

Advertisements

ഷവർമാ കടകളിൽ ഷവർമയോടൊപ്പം ചേർക്കുന്ന കാബേജ് കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വിഷ ലായനി ഉപയോഗിച്ച് ചാക്കുകളിലായി വരുന്ന കാബേജ് തീരെ കഴുകാതെയും പുറത്തെപാളി പൊളിച്ചു നീക്കാതെയുമാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.

Share news
error: Content is protected !!