പാലോറ മലയിൽ വീണ്ടും ചെങ്കൽ ഖനനം

തലക്കുളത്തൂർ: പാലോറ മലയിൽ വീണ്ടും ചെങ്കൽ ഖനനം. റവന്യു വകുപ്പിൻറെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെയും വിലക്ക് നിലനിൽക്കെയാണ് പാലോറ മലയിൽ വീണ്ടും ചെങ്കൽ ഖനനം നടക്കുന്നത്. ആളുകളുടെ ശ്രദ്ധ എത്താത്തവിധം ഷീറ്റ് മറച്ച് ഗെയിറ്റ് സ്ഥാപിച്ചാണ് പുറക്കാട്ടിരി സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ഭൂമിയിൽനിന്ന് കല്ലെടുക്കുന്നത്.

മുമ്പ് പിടികൂടിയ സ്ഥലത്താണ് വീണ്ടും ഖനനം. ടിപ്പറിൽ കല്ല് കൊണ്ടുപോവുന്നതിനും ഖനനാവശ്യത്തിനും മാത്രം ഗേറ്റ് തുറന്നിടും. നിരവധി തവണയാണ് അധികൃതർ ക്വാറി ഉടമകൾക്ക് ഖനനം നിർത്താൻ നോട്ടീസ് നൽകിയിരുന്നത്. ഇതൊന്നും വകവയ്‌ക്കാതെയാണ് ഒരേക്കർ ഭൂമി ഉടമകൾ ചെങ്കൽ ഖനനത്തിന് സ്വക്വാര്യ വ്യക്തികൾക്ക് കൈമാറിയത്. ഇവിടുത്തെ ഖനനത്തിൽ പ്രശ്നമില്ലെങ്കിൽ ഇതിനടുത്തുള്ള നാലേക്കറോളം ഭൂമിയിലും മല കുഴിക്കാൻ പദ്ധതിയുണ്ട്.
Advertisements

ദേശീയ പാതയുടെ സമീപത്തുള മല റോഡിന് സമാന്തരമായി നിരപ്പാക്കി വൻ റിയൽ എസ്‌റ്റേറ്റ് കച്ചവടമാണ് ക്വാറി നടത്തിപ്പുകാരും ഭൂഉടമകളും ചേർന്ന് നടത്താൻ ശ്രമിക്കുന്നത്. ടില്ലർ മെഷീനും മറ്റ് യന്ത്രസാമഗ്രികളുമടക്കം വിപുലമായ രീതിയിലാണ് ക്വാറിയിലെ ഇപ്പോഴത്തെ ഖനനം. മാസങ്ങൾക്ക് മുമ്പ് ക്വാറി പരിശോധിച്ച് ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടികൂടിയ വനിതാ വില്ലേജ് ഓഫീസറെ വെട്ടിച്ച് വാഹനങ്ങൾ കടത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പരിശോധനയ്ക്കെത്തിയ മറ്റൊരു വില്ലേജ് ഓഫീസറെ ഭൂമിയിലേക്ക് കടത്താതെ ഗേറ്റ് അടച്ചു. എന്നാൽ തിങ്കളാഴ്ച തലക്കുളത്തൂർ വില്ലേജ് ഓഫീസറും റവന്യു ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തി ചെങ്കൽ ഖനനം കണ്ടെത്തുകയും കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി പൊലീസിൻറെ സഹായത്തോടെ പിടികൂടുകയും ചെയ്തു. വാഹനം തഹസിൽദാർക്ക് കൈമാറി. വില്ലേജ് ഓഫീസർ എം പി സജിത, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വി. പ്രീത, വില്ലേജ് അസി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
